കർണാടകയിൽ വീട്ടമ്മയെ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പത്ത് പേർ അറസ്റ്റിൽ
ദാവൺഗരെ: കർണാടകയിൽ 41 വയസ്സുകാരിയായ വീട്ടമ്മയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പത്തുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചന്നഗിരി താലൂക്കിലെ യലോദഹള്ളിയിലാണ് സംഭവം.
ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു നാൽപത്തിയൊന്നുകാരിയായ വീട്ടമ്മ. ദാവൺഗരെയിൽ വച്ച് കരഞ്ഞ് കൊണ്ടിരിക്കുന്ന ഇവരെ ആശ്വസിപ്പിക്കാനെന്ന വ്യാജേനയാണ് പ്രതികളിൽ രണ്ടുപേർ അടുത്തേക്ക് എത്തിയത്. വീട്ടിലെത്തിക്കാമെന്ന് പ്രതികൾ വാഗ്ദാനം നൽകുകയും ചെയ്തു. പിന്നാലെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി കുടിക്കാൻ ശീതളപാനീയം നൽകുകയായിരുന്നു. എന്നാൽ ഇതിൽ മദ്യം കലർത്തിയിട്ടുണ്ടായിരുന്നു.
പാനീയം കഴിച്ചതോടെ യുവതി ബോധരഹിതയായി. തുടർന്ന് പ്രതികൾ യുവതിയെ യലോദഹള്ളിയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് പ്രതികൾ തങ്ങളുടെ കൂട്ടുകാരെയും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മറ്റുള്ളവരും സ്ഥലത്ത് എത്തി യുവതിയെ മാറിമാറി ക്രൂരമായി ബലാത്സംഗം ചെയ്തു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഘം ഇത് പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ആക്രമണം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് യുവതിക്ക് ബോധം വീണ്ടെടുക്കാനായത്. പിന്നാലെ എങ്ങനെയോ സഹോദരന്റെ വീട്ടിലെത്തുകയും, തുടർന്ന് ബസവപട്ടണ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലിസ് ശക്തമായി ഉണർന്നുപ്രവർത്തിക്കുകയും അതിവേഗം തന്നെ പ്രതികളായ പത്തുപേരെയും വലയിലാക്കുകയും ചെയ്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
ക്രൂരമായ കൂട്ടബലാത്സംഗം വാർത്തയായതോടെ പ്രദേശത്ത് വൻ ജനരോഷം ഉയർന്നു. പ്രതികളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ ബസവപട്ടണ പൊലിസ് സ്റ്റേഷന് മുന്നിലേക്ക് തടിച്ചുകൂടി കടുത്ത പ്രതിഷേധമുയർത്തി. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് പരിഹാരമായത്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം തുടരുകയാണ്.
In a shocking incident from Karnataka, a housewife was allegedly gang-raped by a group of men after they spiked her soft drink with alcohol. karnataka gang raped.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."