തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്തൽ നടപടികളിലേക്ക് കടക്കാൻ സിപിഎം. പാർട്ടിയിലെ തിരുത്തലുകൾക്കായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി 7999477716 എന്ന വാട്സാപ്പ് നമ്പറും [email protected] എന്ന ഇമെയിൽ ഐഡിയും 'പുതുവഴികൾ' എന്ന പേരിൽ വെബ്‌സൈറ്റും പാർട്ടി സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തകർക്കും അനുഭാവികൾക്കും പുറമെ പൊതുജനങ്ങൾക്കും ഇതിലൂടെ അഭിപ്രായം അറിയിക്കാം.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യു റിപ്പോർട്ട് പാർട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ഇങ്ങനെയൊരു കനത്ത തിരിച്ചടി മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് എം.വി. ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ആഴത്തിലുള്ള വിമർശനവും സ്വയംവിമർശനവും ഉൾക്കൊള്ളുന്നതാണ് റിവ്യു റിപ്പോർട്ട്. ഓഗസ്റ്റിൽ ചേരുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ 40,000 പാർട്ടി ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി ചർച്ച ചെയ്ത് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ചകൾ തുറന്നുസമ്മതിച്ച് പാർട്ടി; വെള്ളാപ്പള്ളിയെ തള്ളി
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുണ്ടായ ആശങ്കയും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും പാർട്ടി വിലയിരുത്തി.
എസ്‌ഐആർ (SIR) വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കുണ്ടായ ആശങ്കകൾ ലീഗ്-ജമാഅത്തെ ഇസ്‌ലാമി-കോൺഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയമായി ഉപയോഗിച്ചു. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെ പാർട്ടി ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ജനങ്ങളിലുണ്ടായി. ഇത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി. തെരഞ്ഞെടുപ്പിന് മുൻപ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണ്ണമായും കൈവിടുന്ന നിലപാടാണ് വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്.
ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല. സ്വർണ്ണക്കൊള്ള വിവാദങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ചകൾ സംഭവിച്ചു.
യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് ആരോപണം
നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. അവർ ഭരണത്തിൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ 'ഡീൽ' ഇപ്പോഴും നിലനിൽക്കുകയാണ്. വി.ഡി. സതീശന്റെ മംഗലാപുരം സന്ദർശനത്തെക്കുറിച്ച് പല കോണുകളിൽ നിന്നും ചോദ്യം ഉയർന്നിട്ടും പിണറായി വിജയൻ അതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പറഞ്ഞതനുസരിച്ചാണ് താൻ പിണറായി വിജയനെ വിമർശിച്ചതെന്ന് രാഹുൽ ഗാന്ധി തന്നെ ഇന്ത്യ മുന്നണി യോഗത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം
യുഡിഎഫ് സർക്കാർ ബന്ധുക്കളെയും സ്വന്തക്കാരെയും ഉന്നത തസ്തികകളിൽ നിയമിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ബന്ധുവിന്റെയല്ല, മന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടേണ്ടത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. സസ്‌പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങളും സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
he CPM (Communist Party of India (Marxist)) has openly admitted its failures. In response to the defeat, CPM State Secretary M.V. Govindan stated that the party is looking for "new paths" and strategies to reconnect with the people. To ensure transparency and gather direct feedback, the party has set up dedicated WhatsApp numbers and email addresses for the general public to share their opinions, criticisms, and suggestions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."