മരണത്തിലേക്കുള്ള വിസകള്‍
കുഞ്ഞിപ്പ നാളെ മടങ്ങി വരുന്നു. ആശ്ചര്യമല്ല അമ്പരപ്പായിരുന്നു എല്ലാ മുഖങ്ങളിലും. മൂന്നുമാസം മുന്‍പല്ലേ ലീവു കഴിഞ്ഞു പോയത്? ഇത്രപ്പെട്ടെന്ന്...ഈ കടങ്ങളൊക്കെ ഇനി ആരു വീട്ടാനാണ്. മകന്‍ തിരിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുന്ന ഉമ്മപോലും ആശങ്കപ്പെട്ടു.
ഇളയവളുടെ കല്ല്യാണം ഉറപ്പിക്കാന്‍പോകുന്നത് അവനവിടെയുണ്ടല്ലോ എന്ന സമാധാനത്തിലല്ലേ.
ഭര്‍ത്താവ് വരുന്നു എന്നറിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഭാര്യയുടെ കലിപ്പ്. മനസില്‍ കണ്ണീരും സങ്കടവും ചാലിട്ടൊഴുകുന്നു. വീടിന്റെ പണിപൂര്‍ത്തിയാക്കാതെ തിരിച്ചുവരില്ലെന്നു പറഞ്ഞുപോയ ആളാ. എന്നിട്ടിപ്പോ, ഇങ്ങോട്ടുവരട്ടെ.
എയര്‍പോര്‍ട്ടിലേക്കു പോകാന്‍ അനിയന്മാരും കൂട്ടാക്കിയില്ല. അവരും കലിപ്പിലായിരുന്നു. വെറും കൈയോടെയല്ലേ വന്നുകയറുന്നത്. പിന്നെന്തിനു കൂട്ടിക്കൊണ്ടുവരാന്‍ പോകണം? സുഹൃത്തും എളാപ്പയും തിരിച്ചുകൊണ്ടുവന്നത് ഒരുപെട്ടിമാത്രം. ആംബുലന്‍സില്‍ നിന്നിറക്കിയ ആ പെട്ടിയില്‍ ജീവനില്ലാത്ത കുഞ്ഞിപ്പയുടെ മൃതശരീരം.
ഒരു പ്രവാസി മലയാളി ഗള്‍ഫില്‍ മരണപ്പെട്ടപ്പോള്‍ ഫേസ്ബുക്കില്‍ കണ്ട പോസ്റ്റിലെ ചില വരികളായിരുന്നു ഇത്. നീണ്ടുപോകുന്ന ആ കുറിപ്പ് കേവലമൊരു ഭാവനയായിരുന്നില്ല. യഥാര്‍ഥ്യമായിരുന്നു.
ഇപ്പോഴിതാ എണ്ണ വിപണിയുടെ ചാഞ്ചാട്ടത്തെ ചൊല്ലി ഗള്‍ഫ് നാടുകള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. തൊഴിലാളി ജീവിതങ്ങള്‍ ആശങ്കകളുടെ നടുക്കടലില്‍ മുങ്ങുന്നു. മലയാളിവീട്ടകങ്ങളിലും ഇതേ അവസ്ഥ സംജാതമാകുന്നു. കടുത്ത നിരാശകളിലേക്കു പ്രവാസികള്‍ മാത്രമല്ല കുടുംബങ്ങളും എടുത്തെറിയപ്പെടുന്നു. കുഞ്ഞിപ്പയുടെ ജീവനില്ലാത്ത ശരീരത്തെപ്പോലെ മണല്‍ക്കാട്ടിലൊടുങ്ങിയ മലയാളിജീവിതങ്ങളെക്കുറിച്ചു കൃത്യമായ കണക്കുതന്നെയില്ല.
പ്രവാസി സംഘടനകള്‍ പോലും അതിന്റെ തീവ്രതയും അതുണ്ടാക്കുന്ന പ്രതിസന്ധികളെയും അളന്നിട്ടുമില്ല. എന്നാലും ഏതെങ്കിലും പ്രവാസി അറബുനാടുകളില്‍ മരണപ്പെട്ടെന്ന വാര്‍ത്ത നെഞ്ചുപിടഞ്ഞു നമ്മളും വായിക്കാറുണ്ട്. പിന്നെ ജീവിതത്തിരക്കിനിടയില്‍ സൗകര്യപൂര്‍വം മറക്കാറുണ്ടെങ്കിലും.
ഏതെങ്കിലുമൊരു വിദേശരാജ്യം. അതെവിടെയുമാകാം. ഇന്നു മലയാളികള്‍ അന്നം തിരഞ്ഞെത്താത്ത രാജ്യങ്ങള്‍ ഭൂലോകത്തില്ല. വന്‍ നഗരങ്ങളിലോ ചെറുപട്ടണങ്ങളിലോ വൈദ്യുതിപോലും വന്നെത്തിനോക്കാത്ത മണല്‍ക്കാടിന്റെ മലയിടുക്കുകളിലോ അവര്‍ പണിയെടുക്കുന്നു. ഗള്‍ഫ് മലയാളികളില്‍ അഞ്ചുശതമാനത്തിനു മാത്രമേ ഉയര്‍ന്ന ജോലിയും മികച്ച വരുമാനവുമുള്ളൂ. പൊള്ളുന്ന ചൂടിലും നിര്‍മാണ മേഖലകളിലാണു ശേഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍.
ലേബര്‍ ക്യാംപുകള്‍ ഇന്നും പറയുന്നതു ദുരിതങ്ങളുടെ ആവര്‍ത്തനങ്ങള്‍. പല ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കൊപ്പം. പല വേഷങ്ങള്‍ ധരിക്കുന്നവര്‍ക്കൊപ്പം. അവരോടെല്ലാം അവര്‍ സൗഹൃദം സ്ഥാപിക്കുന്നു. അവരെ അത്ഭുതപ്പെടുത്തി അവരുടെ ഭാഷപോലും പഠിച്ചെടുക്കുന്നു.
അപ്പോഴെല്ലാം അവരുടെ കരുത്ത് ഇക്കരെയുള്ള കുടുംബമാണ്. മുറതെറ്റാതെ എത്തുന്ന ഫോണിനും വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്കും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍...അവരെല്ലാം പൂത്തു തളിര്‍ക്കട്ടെ എന്നു കരുതിയാണല്ലോ അയാള്‍ ആയിരം കാതങ്ങള്‍ താണ്ടി അവിടെ എരിഞ്ഞുതീര്‍ന്നിരുന്നത്.
ഗള്‍ഫുകാരന്റെ വേദനകളും പ്രശ്‌നങ്ങളും ആവശ്യങ്ങളും ആശങ്കകളും പലപ്പോഴായി ചര്‍ച്ച ചെയ്തതാണ്. പല പല തലക്കെട്ടുകളില്‍. അവയ്ക്കു പരിഹാരമുണ്ടായാലും ഇല്ലെങ്കിലും. അവരുടെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞു നാട്ടുകാരും വീട്ടുകാരും സര്‍ക്കാറും സംഘടനകളും തരംപോലെ തങ്ങളുടെ വിഹിതം കൈപ്പറ്റിയിട്ടുമുണ്ട്. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍, പ്രവാസി എന്നാല്‍ അവര്‍ക്ക് എന്നും പണം കായ്ക്കുന്ന മരമായിരുന്നു.
ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുമായി കത്തും ഫോണും ഇ-മെയിലുമെല്ലാം ഇക്കരെ നിന്ന് അക്കരയ്ക്കു പറന്നതും അതുകൊണ്ടായിരുന്നു. പണമായും ഡ്രാഫ്റ്റായും അവ അവര്‍ക്കരികിലേക്കു തിരികെയെത്തുകയും ചെയ്തു. കാറും കക്കൂസും വൃത്തിയാക്കിയും അറബികളുടെ അടിവസ്ത്രം വരെ കഴുകിയുമൊക്കെയാണ് ആ പണമുണ്ടാക്കിയതെന്ന് ആരോര്‍ക്കുന്നു.
എന്നാല്‍ ഇതിനിടയില്‍ രോഗങ്ങളെ പ്രസവിക്കുന്ന യന്ത്രമായി മാറുന്നുണ്ടു പ്രവാസികള്‍. പലപ്പോഴും അവരുടെ മടക്കവും രോഗങ്ങളുടെ കൈപിടിച്ചാകുന്നു. വേര്‍പാടിന്റെയും വേദനയുടെയും പ്രവാസം അവരെ രോഗങ്ങളുടെ സഹയാത്രികരാക്കുന്നു. അതുകൊണ്ടു തന്നെ പ്രവാസാനന്തര ജീവിതം ദുരിതങ്ങളുടെ ബഹറുമാകുന്നുണ്ടു പലര്‍ക്കും.
ഒറ്റപ്പെടലും സുരക്ഷിതത്വമില്ലായ്മയും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഉത്കണ്ഠയുമൊക്കെ തന്നെയല്ലേ അവരെ രോഗികളാക്കി തീര്‍ക്കുന്നത് ? അതോടൊപ്പം ഫാസ്റ്റ്ഫുഡും കൊഴുപ്പില്‍ മുങ്ങിക്കുളിച്ച ഭക്ഷണ ശീലങ്ങളും രോഗത്തെ പ്രസവിക്കുന്ന യന്ത്രങ്ങളാക്കി മാറ്റുന്നു. ഗള്‍ഫില്‍ കുറഞ്ഞ വിലക്കു ലഭിക്കുന്ന ഭക്ഷണങ്ങളെ പുണരാനും പുല്‍കാനും തന്നെ മലയാളിക്കും സാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ രോഗം മാത്രമല്ല, മരണവും പ്രവാസലോകത്തു പതിവുകാരനാകുന്നു.
രോഗക്കിടക്കയിലെ പ്രവാസി
അമിത രക്തസമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍, ഹൃദയാഘാതം, പ്രമേഹം, വൃക്കയില്‍ കല്ല്, മൂത്രത്തില്‍ അണുബാധ, പൊണ്ണത്തടി തുടങ്ങിയവയാണു പ്രവാസ സമ്പാദ്യമായി ലഭിക്കുന്ന പ്രധാന രോഗങ്ങള്‍. കേരളത്തിലുള്ളതിനേക്കാള്‍ 20 ശതമാനത്തിലധികം പ്രമേഹം കണ്ടുവരുന്നു പ്രവാസികളില്‍. സാധാരണ ഗതിയില്‍ 40 വയസിനു മുകളിലുള്ളവരില്‍ കണ്ടിരുന്ന പ്രമേഹം ഗള്‍ഫ് മലയാളികളിലെ കുട്ടികളില്‍പ്പോലും കണ്ടുവരുന്നു.
കൊഴുപ്പധികമുള്ള അറേബ്യന്‍ ഭക്ഷണരീതി മലയാളിയുടെയും ഇഷ്ടവിഭവങ്ങളാകുന്നു. ഇതു പതിവാക്കുകയും പച്ചക്കറികളും പഴവര്‍ഗങ്ങളും പയര്‍ വര്‍ഗങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നതുമാകാം പ്രധാന കാരണം. ഗള്‍ഫ് ജീവിതം തുടങ്ങി നാലോ അഞ്ചോ മാസങ്ങള്‍ക്കകം തന്നെ 90 ശതമാനം പ്രവാസികളുടെയും ശരീരഭാരം കൂടുന്നു. അതു പൊണ്ണത്തടിയായി വളരുന്നു. പത്തും പതിനഞ്ചും കിലോയായി വരെ വര്‍ധിക്കുന്നുണ്ട്. 15 ശതമാനം മലയാളി സ്ത്രീകളില്‍ ഈ പ്രശ്‌നം ആര്‍ത്തവ ക്രമക്കേടുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. കൊഴുപ്പുകൂടിയ ഭക്ഷണം, അമിതമായ പകലുറക്കം, വ്യായാമമില്ലാതെ ഫ്‌ളാറ്റില്‍ അടഞ്ഞുകൂടിയുള്ള ജീവിതം ഇതൊക്കെയാണു സ്ത്രീകളില്‍ പൊണ്ണത്തടി വര്‍ധിപ്പിക്കുന്നത്. അനുബന്ധ പ്രശ്‌നങ്ങളായി ആര്‍ത്തവ ക്രമക്കേടും മറ്റും ഇവരില്‍ വന്ധ്യത വ്യാപകമാക്കുന്നതായും പ്രവാസ ലോകത്തെ ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു. അവരുടെ പെണ്‍കുട്ടികളിലും പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതിന്റെ പ്രായം എട്ടും ഒന്‍പതും വയസാണെങ്കില്‍ ഇവിടെ അഞ്ചും ആറും വയസില്‍വരെ തുടങ്ങുന്നുണ്ടെന്നാണു മലയാളി കുടുംബങ്ങളിലെ അവസ്ഥ. ഈ പ്രവണത ഭീകരമായ തോതില്‍ വളര്‍ന്നിട്ടുണ്ടെന്നാണ് ജിദ്ദ അല്‍ റയാന്‍ പോളിക്ലിനിക്കിലെ ഡോ. ഷേര്‍ലി തോമസ് പറയുന്നത്.
അകാല മരണങ്ങള്‍
ഹൃദയരോഗങ്ങള്‍ കാരണം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പ്രവാസലോകത്തു കൂടുകയാണ്. ആശുപത്രിയില്‍ അസുഖബാധിതനായി കൂടുതല്‍ക്കാലം കിടക്കുകയോ ചികിത്സിക്കുകയോ ഒന്നും വേണ്ടി വരുന്നില്ല. എല്ലാം പെട്ടെന്നു സംഭവിക്കുന്നു. പ്രവാസിമരണങ്ങളില്‍ അധികവും അപകടം വഴിയാണ്. രണ്ടാമതു ഹൃദയാഘാതവും കുഴഞ്ഞുവീണുള്ള മരണങ്ങളും. ഉറങ്ങാന്‍ കിടന്നയാള്‍ ഉണരാത്ത ഉറക്കത്തിലേക്ക് ഊളിയിടുന്നു. ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍പോയ വ്യക്തി മരണത്തിന്റെ കോടി പുതച്ചു തിരിച്ചുവരുന്നു. നാട്ടിലേക്കു മടങ്ങാന്‍ പെട്ടിക്കെട്ടിയവര്‍ മരണത്തിലേക്കു നടക്കുന്നു.
അതിനേക്കാള്‍ സങ്കടകരം മരിക്കുന്നവരില്‍ ഏറെയും ചെറുപ്പക്കാരാണെന്നതാണ്. ദാമ്പത്യത്തിന്റെ മധുരം നുണഞ്ഞുതുടങ്ങിയ ഭാര്യമാരെയും ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെയും തനിച്ചാക്കിയിട്ടാണ് അവരുടെ മടക്കം. പലര്‍ക്കും പ്രിയപ്പെട്ടവരുടെ മുന്‍പിലേക്ക് ഒരു മൃതദേഹമായിട്ടു പോലും കടന്നുചെല്ലാന്‍ ഭാഗ്യമുണ്ടാകുന്നില്ല
.
പ്രവാസികളില്‍ 30 വയസില്‍ തന്നെ ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. ഭീഷണമായ മറ്റൊരു രോഗമാണ് അമിത രക്തസമ്മര്‍ദം. മാനസികസമ്മര്‍ദത്തില്‍ നിന്നാണതിന്റെ വരവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കകളും ഉല്‍ക്കണ്ഠകളും അമിത ജോലി ഭാരവും വരെ ഇതിനു കാരണമാകുന്നു. സാധാരണക്കാരെയും സമ്പന്നരെയും ഒരുപോലെ ബാധിക്കുന്ന ബി.പി ഹൃദ്രോഗത്തിലേക്കും പ്രമേഹത്തിലേക്കും സ്‌ട്രോക്കിലേക്കുമൊക്കെയുള്ള കുറുക്കു വഴികൂടിയാണ്. മസ്തിഷ്‌ക്കാഘാതം പിടിപെട്ടു മരണത്തിലേക്കു നടക്കുന്നവരും ഓര്‍മയും ബോധവും നശിച്ചു ജീവച്ഛവങ്ങളായി തിരിച്ചെത്തുന്നവരും ഏറെയുണ്ട്.
ഗള്‍ഫിലെ കടുത്ത കാലാവസ്ഥയും അതിനനുസൃതമായി ജോലി സമയത്തിലുണ്ടാകുന്ന മാറ്റവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ചൂടുകാലത്തു പാതിരാത്രിയില്‍ ആരംഭിക്കുന്നു ജോലി. തണുപ്പു കാലത്തു പാതിരാത്രിയോളം നീളുന്നു.
ജനുവരി മുതല്‍ ഓഗസ്റ്റുവരെയുള്ള മാസങ്ങള്‍ പൊടിക്കാറ്റിന്റേതാണ്. കടുത്ത പൊടിക്കാറ്റ് ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആസ്തമയും അലര്‍ജിയും ശ്വാസകോശ രോഗങ്ങളും മരുഭൂമിയിലും തോട്ടങ്ങളിലും ജോലി ചെയ്യുന്നവരില്‍ സാധാരണമാണ്. അള്‍സറും അസിഡിറ്റിയും പൈല്‍സും പ്രവാസികളെ അലട്ടുന്ന മറ്റു രോഗങ്ങളാണ്.
വിദേശരാജ്യങ്ങളില്‍ മാറിമാറി വരുന്ന നിയമങ്ങള്‍ മൂലം തിരിച്ചുപോകേണ്ടി വരുന്നതിനേക്കാള്‍ ജീവിതത്തില്‍ നിന്നേ പ്രവാസം മലയാളികളെ പടിയിറക്കിവിടുന്നു. എന്നാല്‍ അതേക്കുറിച്ചു സര്‍ക്കാരോ പ്രവാസി സംഘടനകളോ പ്രവാസികള്‍ തന്നെയോ വേണ്ടത്ര ബോധവാന്മാരല്ല. അല്ലെങ്കില്‍ അതൊരു കണക്കായി പലരുടെയും മുന്‍പിലേക്കെത്തിയിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
കണ്ണു തള്ളിക്കുന്ന കണക്കുകള്‍
ഈ കണക്കുകള്‍ അതിന്റെ ഭീകരത നമ്മോടു പറഞ്ഞു തരും. ഇതൊരും പഠനത്തിന്റെ ഭാഗമല്ല. എന്നാല്‍ ഗള്‍ഫില്‍ നിന്നു പുറത്തിറങ്ങുന്ന മലയാള പത്രങ്ങളുടെ ചരമക്കോളങ്ങളില്‍ അഞ്ചു മാസത്തിനിടയില്‍ പ്രസിദ്ധീകരിച്ചുവന്ന മരണവാര്‍ത്തകളാണ് ഈ കണക്കിനാധാരം.
ഈ കാലയളവിലെ ചരമക്കോളങ്ങള്‍ പരതിയപ്പോള്‍ മലയാളികളായ 95 പേര്‍ മരണപ്പെട്ടതു വാഹനാപകടത്തിലാണ്. 55 പേരുടെ മരണത്തിനു കാരണം ഹൃദ്രോഗവും. 56 പേര്‍ മണ്ണിലേക്കു മടങ്ങിയതു കുഴഞ്ഞു വീണാണ്. ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങള്‍ 30 എണ്ണമുണ്ട്. അതില്‍ ആത്മഹത്യയും ഉള്‍പ്പെടുന്നു. 2007ല്‍ മാത്രം യു.എ.ഇയില്‍ ആത്മഹത്യ ചെയ്ത പ്രവാസികളുടെ അംഗസംഖ്യ 118 ആണെന്നത് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്കാണ്. അഞ്ചു മാസത്തിനിടെ 236 വിദേശ മലയാളികള്‍ അവിടെ മരിച്ചുവെന്നതു തന്നെ നമ്മെ ഞെട്ടിപ്പിക്കുന്നതല്ലേ.
മരണപ്പെടുന്നവരില്‍ 80 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഇവരിലൂടെ അനാഥരാക്കപ്പെട്ട കുഞ്ഞുമക്കളുടെ എണ്ണം 82 ആണ്. നാഥനില്ലാതായ കുടുംബങ്ങളുടെ കണക്കു ലഭ്യമല്ല. പ്രവാസം കൊണ്ടു മുറിവേറ്റവരുടെ കണക്കുകളും ഇതിനുമപ്പുറത്താണ്. വിവിധ കാരണങ്ങള്‍ മൂലം വിദേശ രാജ്യങ്ങളില്‍ നിന്നു ജോലി നഷ്ടപ്പെട്ടവരേക്കാള്‍ എത്രയോ അധികമാണ് അകാലത്തിലുള്ള മരണവും അപകട മരണവും മൂലം നഷ്ടപ്പെട്ട മലയാളി ജീവിതങ്ങള്‍.
വിദേശ രാജ്യങ്ങളുടെ നിയമം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ. എണ്ണയുടെ വിലയിടിവിനെ തുടര്‍ന്ന് അവര്‍ മലയാളികളെ തിരിച്ചയക്കുകയോ പിടിച്ചിരുത്തുകയോ ചെയ്യട്ടെ. എന്നാല്‍ അതിനേക്കാളുമൊക്കെ പ്രധാനമാണു പ്രവാസി മലയാളികളുടെ ആരോഗ്യം. അതു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലും മലയാളത്തിന്റെ ആരോഗ്യവുമാണല്ലോ. കേരളത്തിന്റെ വിനോദങ്ങളെ, രാഷ്ട്രീയ പാര്‍ട്ടികളെ, മതസ്ഥാപനങ്ങളെ, പത്രങ്ങളെ, ചാനലുകളെ എല്ലാം സാമ്പത്തികമായി കരകയറ്റിയിട്ടുള്ളതും ഗള്‍ഫു മലയാളികള്‍ തന്നെയാണ്. കൃത്യമായി കൈകാര്യംചെയ്താല്‍ കേരളത്തെ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിയുന്ന ഖജനാവുമാണ് ഗള്‍ഫ്. അതുകൊണ്ടു തന്നെ അതു തകരരുത്. തകര്‍ന്നാല്‍ തീര്‍ച്ചയായും കേരളം അത്യാസന്ന നിലയിലാകും. അതോടെ പ്രവാസത്തിന്റെ ആയുസുമാത്രമാകില്ലല്ലോ കുറുകുക...?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."