മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ട് വെട്ടിച്ചു: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി
തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്ത വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാറ്റിവെച്ച ഫണ്ടിൽ വൻ ക്രമക്കേട്. പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ദുരന്തനിവാരണ വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ നിന്ന് 4.32 ലക്ഷം രൂപ വകമാറ്റി സെക്രട്ടേറിയറ്റിലെ ദുരന്തനിവാരണ വകുപ്പ് ഓഫീസിലേക്ക് കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ഈ ഫണ്ട് അട്ടിമറി നടന്നത്.
സെക്രട്ടേറിയറ്റിലെ ദുരന്തനിവാരണ വകുപ്പ് ഓഫീസിലേക്ക് 2.82 ലക്ഷം രൂപ ചെലവിട്ട് 6 ലാപ്ടോപ്പുകളും 1.5 ലക്ഷം രൂപ വിലവരുന്ന ഫോട്ടോസ്റ്റാറ്റ് മെഷീനുമാണ് ഇത്തരത്തിൽ വകമാറ്റിയ പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത്.
ദുരന്തബാധിത മേഖലകളിലെ ജനങ്ങൾക്ക് കൃത്യമായ ദുരന്തസാധ്യതാ മുന്നറിയിപ്പുകൾ നൽകാനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ട സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുമായി നീക്കിവെച്ച ‘മുൻകരുതൽ ശേഷി വികസന ഫണ്ടിൽ’ നിന്നാണ് ഈ തുക വകമാറ്റിയത്. ഇതിന്റെ രേഖകൾ സർക്കാർ പുറത്ത് വിട്ടു.
ഈ ഫണ്ടിലെ തുക യാതൊരു കാരണവശാലും വകുപ്പിന്റെ ദൈനംദിന ചെലവുകൾക്കോ, ഓഫീസ് ആവശ്യങ്ങൾക്കോ, ജീവനക്കാരുടെ ശമ്പളത്തിനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശനമായ ചട്ടങ്ങളുണ്ട്.
എന്നാൽ, സാധാരണ നിലയിൽ സെക്രട്ടേറിയറ്റ് ഓഫീസുകളിലേക്ക് ആവശ്യമായ കമ്പ്യൂട്ടർ ഉപകരണങ്ങൾ ഐടി സെൽ മുഖേനയാണ് വാങ്ങേണ്ടതെന്ന കീഴ്‌വഴക്കവും ചട്ടങ്ങളും നിലനിൽക്കെയാണ് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ മാറ്റിവെച്ച തുകയിൽ എൽ.ഡി.എഫ് സർക്കാർ കൈയിട്ടത്.
ഉപകരണങ്ങൾ വാങ്ങി തലസ്ഥാനത്തേക്ക് അയച്ചുനൽകാൻ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് ഗവൺമെന്റ് സെക്രട്ടറി കത്തുനൽകിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ കത്ത്. ദുരന്തബാധിത പ്രദേശങ്ങളിൽ വിനിയോഗിക്കേണ്ട തുക ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തലസ്ഥാനത്തെ എസി മുറികളിലെ സൗകര്യങ്ങൾക്കായി വകമാറ്റുകയായിരുന്നു.
The LDF government in Kerala is facing allegations of diverting funds allocated for the rehabilitation of the Mundakkai–Chooralmala landslide victims. Instead of using the money to aid those affected by the disaster, lakhs of rupees were reportedly misappropriated to purchase office equipment for the state Secretariat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."