ഷംനയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; ആദ്യ സിറ്റിങ് 27ന്
കൊച്ചി: കളമശ്ശേരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നിം ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍ കണ്‍വീനറായുള്ള മൂന്നംഗ ബോര്‍ഡാണ് രൂപീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശ്രീദേവിയും ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനുമാണ് മറ്റു അംഗങ്ങള്‍.
അന്വേഷണസംഘം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ വ്യാഴാഴ്ച കിട്ടിയതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സമ്മതം ആരാഞ്ഞ് ഫോറന്‍സിക് മേധാവിക്കും സര്‍ക്കാര്‍ പ്ലീഡര്‍ക്കും ഡി.എം.ഒ കത്ത് നല്‍കിയത്. ഇരുവരുടെയും സമ്മതം ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റ സിറ്റിങില്‍ തന്നെ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഈ മാസം 27ന് എറണാകുളത്ത് വച്ചായിരിക്കും സിറ്റിങ്. അതിനുമുന്‍പ് റിപ്പോര്‍ട്ടുകള്‍ വിശദമായി അംഗങ്ങള്‍ പഠനവിധേയമാക്കും. ആവശ്യമെങ്കില്‍ മറ്റു വിദഗ്ധരെക്കൂടി ആദ്യ സിറ്റിങ്ങില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ കാലതാമസം വരുത്താതെ എത്രയും വേഗം റിപ്പോര്‍ട്ട് പൊലിസിന് കൈമാറുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ഇതിനുമുന്നോടിയായി അന്വേഷണസംഘം നല്‍കിയ എല്ലാ ഫയലുകളും എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന് നല്‍കിയിട്ടുണ്ട്. ഫിസിഷ്യന്റെ നിര്‍ദേശമനുസരിച്ചായിരിക്കും മറ്റു വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. 27ന് നിശ്ചയിച്ചിരിക്കുന്ന സിറ്റിങ്ങിന് എന്തെങ്കിലും തടസം നേരിട്ടാല്‍ തൊട്ടടുത്ത ദിവസം തന്നെ സിറ്റിങ് നടത്തും.
രണ്ട് ദിവസംകൊണ്ട് റിപ്പോര്‍ട്ട് തയാറാക്കി ഈ മാസംതന്നെ അന്വേഷണസംഘത്തിന് സമര്‍പ്പിക്കാനാണ് തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഷംന മരിച്ചത് ചികിത്സാപിഴവ് മൂലമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക. ചികിത്സാപിഴവ് സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസ് എടുക്കാം. തന്റെ മകളുടെ മരണം ചികിത്സാപിഴവ് മൂലമാണെന്നും മരണത്തിനുത്തരവാദികളായവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷംനയുടെ പിതാവ് കണ്ണൂര്‍ ശിവപുരം പടുവാറ ഐഷ മന്‍സിലില്‍ അബൂട്ടി രണ്ടു തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പനി ബാധിച്ചതിനാല്‍ കഴിഞ്ഞ ജൂലായ് 18ന് താന്‍ പഠിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയെത്തിയ ഷംന ആന്റി ബയോട്ടിക് കുത്തിവെപ്പ് എടുത്തതിനെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിവെപ്പ് എടുത്ത വാര്‍ഡില്‍ ഓക്‌സിജന്‍ അടക്കം അടിയന്തിര ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
വാര്‍ഡില്‍ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ സ്ട്രക്ചര്‍ പോലും ലഭിക്കാതെ 20 മിനുറ്റ് നഷ്ടപ്പെടുകയും ചെയ്തു. വിദ്യാര്‍ഥിനിയുടെ സ്ഥിതി ഗുരുതമായതിനെ തുടര്‍ന്ന് അധികൃതര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷംനയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രൊഫ. ഡോ. എം.കെ സുരേഷ്, പള്‍മനറി മെഡിസിന്‍ പ്രൊഫ. ഡോ. കെ. അനിത എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."