പൂരനഗരിയില്‍ നിറഞ്ഞാടി പുലിക്കൂട്ടം
തൃശൂര്‍: ആവേശംവിതറിയ പുലിക്കളിയോടെ ഓണാഘോഷങ്ങള്‍ക്ക് ജില്ലയില്‍ സമാപ്തി. ശക്തന്റെ തട്ടകം എന്നറിയപ്പെടുന്ന തൃശൂര്‍ നഗരത്തില്‍ അരമണികളും വയറും കിലുക്കിയും താളത്തിനനുസരിച്ച് ചുവടുവച്ചത് അറുനൂറോളം മനുഷ്യപുലികള്‍. പൂരനഗരിയുടെ പാരമ്പര്യത്തനിമ നിലനിര്‍ത്തിയായിരുന്നു പുലിക്കളി. തൃശൂരിന്റെ മാത്രം സ്വന്തം പുലിക്കളി കണാനായി ഇന്നലെ ഉച്ചയോടെ നഗരത്തിലേക്ക് ജനപ്രവാഹം ഒഴുകുകയായിരുന്നു. പഴുതടച്ച ട്രാഫിക്ക് നിയന്ത്രണമാണ് ഇന്നലെ ഉച്ചയോടെ നഗരത്തില്‍ പൊലിസ് ഒരുക്കിയിരുന്നത്.
കരിമ്പുലി, വരയന്‍ പുലി, പുള്ളിപ്പുലി എന്നീ പതിവ് പുലികള്‍ക്ക് പകരം ഇത്തവണ പുലിവരയിലും പുലിമുഖത്തിലും ഏറെ പുതുമ പുലര്‍ത്തുകയും ചരിത്രത്തിലാദ്യമായി പെണ്‍പുലികളും വിദേശപുലികളും വരെ പല നിറങ്ങളില്‍ നീരാടി തൃശൂരിന്റെ രാജവീഥികള്‍ കീഴടക്കി. പുലി മാഹാത്മ്യം തെളിയിക്കുന്നതിനുള്ള പുലിമുഖങ്ങള്‍, മുടി, തൊപ്പി തുടങ്ങിയവ പല നിറങ്ങളിലും പുലിച്ചമയങ്ങളിലും ഏറെ വ്യത്യസ്തയിലാണ് പുലിക്കൂട്ടം സ്വരാജ് റൗണ്ടില്‍ തിമിര്‍ത്താടിയത്.
അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നീ പത്ത് പുലിക്കളി കൂട്ടങ്ങളാണ് കാണികള്‍ക്ക് കൗതുകം നല്‍കി നഗരത്തെ കീഴടക്കിയത്. പുലിക്കളി സംഘങ്ങളും കോര്‍പറേഷനും ബാനര്‍ജി ക്ലബ്ബും കൈകോര്‍ത്ത് നഗരത്തില്‍ ചമയമൊരുക്കി.
വിയ്യൂര്‍ ദേശത്തിന് വേണ്ടി ചരിത്രത്തിലാദ്യമായി മൂന്ന് പെണ്‍പുലികള്‍ ചുവട്‌വച്ചപ്പോള്‍ അയ്യന്തോള്‍ ദേശത്തിന് വേണ്ടി ഒരു വിദേശവനിതയും ചുവട്‌വച്ചിരുന്നു. ചുവട്‌വച്ച മൂന്ന് സ്ത്രീകളും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 'വിങ്‌സ് ' സംഘടനയുടെ ഭാരവാഹികളാണ്. പുലിക്കളി സംഘങ്ങളോടൊപ്പം രണ്ട് വീതം നിശ്ചല ദൃശ്യങ്ങളുമുണ്ടായിരുന്നു. വൈകീട്ടോടെ എട്ടരയോടെ ജനസാഗരത്തെ ആവേശത്തിലാക്കി നഗരം കീഴടക്കിയ പുലിക്കൂട്ടങ്ങള്‍ അടുത്ത ഓണത്തെ വരവേല്‍ക്കാനുള്ള ആഹ്വാനവുമായാണ് നഗരം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."