യന്ത്ര ഊഞ്ഞാല്‍ അപകടം; പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു
പത്തനംതിട്ട: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണ് പരുക്കേറ്റ് തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ (പ്ലാത്താനത്ത്) സജിയുടെ മകള്‍ പ്രിയങ്ക സജി (15) ആണ് മരണത്തിനു കീഴടങ്ങിയത്. മസ്തിഷ്‌കമരണം സംഭവിച്ച കുട്ടിയുടെ രണ്ട് വൃക്കകളും കരളും ദാനംചെയ്തു. അവയവദാനത്തിന് തയാറാണെന്ന് പിതാവ് സജിയും മാതാവ് ബിന്ദുവും ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം സ്വദേശി സാബുവിനാണ് കരള്‍ നല്‍കുക. കരള്‍ ഇയാള്‍ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് അവിടെനിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ പുലര്‍ച്ചെ ആറോടെ തിരുവല്ലയിലെത്തി ആറര മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലാണ് രണ്ട് വൃക്കകളും കരളും തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. ഹൃദയം നല്‍കാന്‍ സന്നദ്ധമായിരുന്നെങ്കിലും സ്വീകര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോ. ബി വേണുഗോപാല്‍, ഡോ. മുരളീധരന്‍, ഡോ. ഡൊമനിക് ആന്റോ, ഡോ. മാത്യു പുളിക്കന്‍, ഡോ. രാജന്‍ ബാബു എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. തിരുവനന്തുപുരത്തേക്കുള്ള യാത്രയില്‍ ഇവരെ സഹായിക്കാന്‍ പുളക്കീഴ് എസ്.ഐ സലീം ഫിലിപ്പും പുഷ്പഗിരി മൊബൈല്‍ ആംബുലന്‍സും അകമ്പടിയായി പുറപ്പെട്ടു.
കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. പ്രയങ്കയുടെ അഞ്ചുവയസുകാരനായ സഹോദരന്‍ അലന്‍ അപകടം നടന്നയുടന്‍ മരിച്ചിരുന്നു. ഇടുപ്പെല്ലുകള്‍ തകര്‍ന്ന് തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ പ്രിയങ്ക വെന്റിലേറ്ററിലായിരുന്നു.
ചിറ്റാര്‍ ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രിയങ്ക. പ്രിയങ്ക ഗുരുതരാവസ്ഥയിലായതിനാല്‍ നേരത്തേ മരിച്ച സഹോദരന്‍ അലന്റെ സംസ്‌കാരം കഴിഞ്ഞ ദിവസമാണ് ചിറ്റാര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിച്ചത്. ഇവിടെ തന്നെയാകും പ്രിയങ്കയുടെയും സംസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."