ബില്‍ അടയ്ക്കാത്തതിന് തടഞ്ഞുവച്ച രോഗിയെ വിട്ടയച്ചു
തിരുവനന്തപുരം: ബില്‍ അടയ്ക്കാത്തതിന് ആനയറയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ച രോഗിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെതുടര്‍ന്ന് വിട്ടയച്ചു.
കാട്ടാക്കട തൂങ്ങാപാറയില്‍ ഓഗസ്റ്റ് ഒന്‍പതിനുണ്ടായ വാഹനാപകടത്തില്‍ ഇരുകാലുകളും തളര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അഖില്‍ എസ് സാമിനെ (19) യാണ് വിട്ടയത്.
കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസാണ് അഖിലിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. ഇക്കാര്യം ആരോഗ്യവകുപ്പ് സെക്രട്ടറിയെയും സ്വകാര്യ ആശുപത്രി എം.ഡിയെയും കമ്മിഷന്‍ അറിയിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെതുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സുള്ളതിനാല്‍ പണം അടയ്‌ക്കേണ്ടെന്ന് പറഞ്ഞതിനാലാണ് നിര്‍ധനരായ കുടുംബം അഖിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ശസ്ത്രക്രിയക്കുശേഷം 5,80,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും മറ്റും സമാഹരിച്ച് രണ്ടു ലക്ഷം രൂപ അടച്ചെങ്കിലും അഖിലിനെ വിട്ടയക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനിക്ക് കമ്മിഷന്‍ നോട്ടിസയച്ചിട്ടുമുണ്ട്. ഇന്‍ഷുറന്‍സ് കമ്പനി ബ്രാഞ്ച് മാനേജരും ആശുപത്രി അധികൃതരും ഒക്‌ടോബര്‍ മൂന്നിന് രാവിലെ തിരുവനന്തപുരം ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."