മുന്നറിയിപ്പ് ലംഘിച്ച് വനത്തില്‍ കയറിയ യുവാക്കള്‍ വഴിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ രക്ഷപ്പെടുത്തി
ആര്യങ്കാവ്: മുന്നറിയിപ്പുകളും വിലക്കുകളും അവഗണിച്ച് റിസര്‍വ് വനമേഖലയില്‍ പ്രവേശിച്ച രണ്ട് യുവാക്കള്‍ ഉള്‍വനത്തില്‍ വഴി തെറ്റി കുടുങ്ങി. വനംവകുപ്പിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് ബൈക്കില്‍ ട്രക്കിങ്ങിനായി ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടം മേഖലയില്‍ എത്തിയത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇരുവരും വനത്തിലേക്ക് പ്രവേശിച്ചത്.
കാട് കയറിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ ഇരുവര്‍ക്കും വഴി തെറ്റി ഉള്‍വനത്തില്‍ അകപ്പെടുകയായിരുന്നു. വനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ സിഗ്‌നലിന്റെ സഹായത്തോടെ വനപാലക സംഘം തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രാത്രി ഒമ്പത് മണിയോടെ യുവാക്കളെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു.
റിസര്‍വ് വനമേഖലയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇരുവരും വനത്തിലേക്ക് കടന്നതെന്നും അധികൃതര്‍ പറഞ്ഞു.
അനുമതിയില്ലാതെ റിസര്‍വ് വനത്തില്‍ പ്രവേശിച്ചതിനാല്‍ ഇരുവര്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. വനമേഖലകളില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവേശിക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കാന്‍ ഇടയാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Two youths who entered a reserve forest area despite warnings and restrictions got lost deep in the woods. After hours of searching, the Forest Department intervened and rescued both of them safely.Jayesh, 30, and Rohith, 30, from Anchalummoodu, Kollam, had reached Rajathottam area inside Aryankavu forest on a bike for trekking. The two entered the forest around 4 PM on Saturday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."