ശബരിമല സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. കൂടുതല്‍ പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്തെത്തി. മിഥുന മാസ പൂജകള്‍ക്കായി അല്‍പസമയത്തിനകം നടതുറക്കും. ഇതിനുശേഷമായിരിക്കും പരിശോധന.ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി.
അതേസമയം പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും.കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ പരിശോധന നടക്കുന്നത്.
കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികള്‍, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികള്‍ എന്നിവയടക്കം ഏഴ് പാളികളികളില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.
മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ എത്തിച്ചാണ് ഈ സ്വര്‍ണവും വേര്‍തിരിച്ചതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. നേരത്തെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിള പാളികള്‍ എന്നിവയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാണ് ഈ പരിശോധനാ ഫലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."