ഓണാഘോഷത്തിന് ഘോഷയാത്രയോടെ ഇന്നു സമാപനം
തിരുവനന്തപുരം: ഉത്സവ ലഹരിയുടെ ഏഴു ദിനരാത്രങ്ങള്‍ അനനന്തപുരിയ്ക്ക് സമ്മാനിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണാഘോഷം ഇന്ന് ഘോഷയാത്രയോടെ കൊടിയിറങ്ങും. ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് വെള്ളയമ്പലത്ത് മാനവീയം വീഥിക്ക് മുന്നില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി എ.സി മൊയ്തീന്‍ വാദ്യോപകരണ കലാകാരന് ഉപകരണം കൈമാറുന്നതോടെ താളമേളങ്ങള്‍ക്ക് തുടക്കമാകും.
ആലവട്ടം, വെഞ്ചാമരം, ആഫ്രിക്കന്‍ ഡാന്‍സ്, ദഫ്മുട്ട്, ചവിട്ടുനാടകം, കളരിപ്പയറ്റ്, വട്ടപ്പാട്ട്, തെയ്യം, കഥകളി,പുലിക്കളി ഉള്‍പ്പെടെ 46 ഇനം നാടന്‍ കലാരൂപങ്ങളും മേളയ്ക്ക് കൊഴുപ്പേകും. പഞ്ചവാദ്യം, ശിങ്കാരിമേളം,ചെണ്ട,ബാന്‍ഡ്, പെരുമ്പറ മേളങ്ങളും വിസ്മയമാകും. ആയിരത്തില്‍പ്പരം കലാകാരന്‍മാര്‍ അണിനിരക്കും.
ഒറീസ,ഗുജറാത്ത്, മധ്യപ്രദേശ്,ഹരിയാന, കര്‍ണാടക, പുതുച്ചേരി,ആന്ധ്രപ്രദേശ്,തെലുങ്കാന,തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. സംസ്ഥാനങ്ങളുടെ തനതു സാംസ്‌കാരിക കലാരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. വിഷയാധിഷ്ഠിത ഫ്‌ളോട്ടുകളാണ് ഇക്കുറി അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതും വിവിധ വകുപ്പുകള്‍ നടപ്പാക്കി വരുന്നതുമായ പദ്ധതികളാണ് ഫ്‌ളോട്ടുകളായി എത്തുന്നത്.
75 ഫ്‌ളോട്ടുകളും 150ല്‍ പരം ദൃശ്യശ്രാവ്യ കലാരൂപങ്ങളും ഉണ്ടാകും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുള്ള ഫ്‌ളോട്ടുകളാണ് അവതരിപ്പിക്കുന്നത്. ഫ്‌ളോട്ടുകളില്‍ അഗ്‌നിശമന സുരക്ഷാ ഉപകരണങ്ങളും ഉണ്ടാകും. ഇതു പ്രത്യേകമായി പരിശോധിക്കും. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. മികച്ച ഫ്‌ളോട്ടുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. സമാപനത്തോടനുബന്ധിച്ച് നടിയും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തവും കലാപ്രകടനങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."