ഉന്മാദത്തിന്റെ കൈപ്പിഴകള്‍
മകന്‍ പെറ്റമ്മയെ ബലാത്സംഗം ചെയ്യുകയോ? ഒടുവില്‍, അതും കേള്‍ക്കേണ്ടി വന്നിരിക്കുന്നു. എല്ലാ നന്മയുടെയും അവസാനവാക്കായ മാതാവിനെ മകന്‍ ചവിട്ടിയരച്ച സംഭവം കോട്ടയത്തെ ഗാന്ധിനഗറില്‍ നിന്നാണു കേട്ടത്. മദ്യലഹരിയിലായിരുന്നു മകന്‍.
മറ്റൊരു മകന്‍ കുടിച്ചു കൂത്താടി അമ്മയെ കയറിപിടിക്കുന്നതു കണ്ടപ്പോഴാണ് പിതാവിനു സമനില തെറ്റിയത്. മകനെ ദാരുണമായി കൊലപ്പെടുത്തേണ്ടിവന്നു അയാള്‍ക്ക്. രണ്ടും കേരളത്തിലരങ്ങേറിയ സംഭവങ്ങള്‍. വയനാട്ടിലും പാലക്കാട്ടും സഹോദരങ്ങള്‍ സഹോദരിമാരെ പീഡിപ്പിച്ച കേസിലും വില്ലന്‍ ലഹരിയായിരുന്നു. പാലക്കാട്ടുകാരന്‍ തിരിച്ചറിവുണ്ടായപ്പോള്‍ സ്വന്തം ജീവിതമവസാനിപ്പിച്ചു. വയനാട്ടിലെ സഹോദരനും സഹോദരിയും മാതാവിനെ കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടി. മാതാവ് വിചാരണചെയ്തതോടെയാണു മകന്‍ കൊലക്കത്തിയെടുത്തത്. പിന്നീട് സഹോദരിയും കൂടിച്ചേര്‍ന്ന് ആരുമറിയാതെ മൃതദേഹം കുഴിച്ചുമൂടി.
സ്വന്തം മക്കളെ പിതാവു പീഡിപ്പിച്ച കേസില്‍ പ്രതിക്കു ജാമ്യം അനുവദിക്കുമ്പോള്‍ കോടതി കണ്ടെത്തിയത് ഇയാളുടേതു മനോരോഗമാണെന്നായിരുന്നു. മഞ്ചേരി ജില്ലാകോടതി അങ്ങനെയാണ് പ്രതിക്കു ജാമ്യമനുവദിച്ചത്. മദ്യപിച്ചായിരുന്നു ഈ കൃത്യങ്ങള്‍ നടത്തിയതെന്നും കോടതി കണ്ടെത്തി.
അടുത്തകാലത്ത് മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയോടു കേസന്വേഷിക്കുന്ന പൊലിസുകാരന്‍ ചോദിച്ച ചോദ്യത്തിനു ലഭിച്ച മറുപടി പ്രസക്തമാണ്. മുകളില്‍പ്പറഞ്ഞ സംഭവങ്ങള്‍ എത്രമാത്രം സത്യമാണെന്നതിലേയ്ക്കുള്ള ചൂണ്ടുപലകകൂടിയാകുന്നു ആ വാക്കുകള്‍. 'എങ്ങനെ തോന്നിയെടോ തനിക്കിതിന്' എന്നായിരുന്നു പൊലിസുകാരന്റെ ചോദ്യം. മറുപടി ഇന്ന് അരങ്ങേറുന്ന ഒട്ടേറെ പീഡനങ്ങളിലും സംഭവിക്കുന്നതാണ്. ഭാര്യയാണെന്നു കരുതിയാണ് മകളുടെ അടുത്തുചെന്നതെന്നായിരുന്നു മറുപടി. മകള്‍ എതിര്‍ക്കുകയും കുതറുകയുമൊക്കെ ചെയ്തുവെങ്കിലും അയാള്‍ക്കു വിവേചനബുദ്ധി നഷ്ടപ്പെട്ടിരുന്നു.
കൂടുതല്‍ മദ്യം അകത്തുചെല്ലുമ്പോള്‍ എല്ലാവര്‍ക്കും തിരിച്ചറിവു കൈമോശം വരുന്നതുപോലെ. പിന്നീടയാള്‍ ചെയ്തു കൂട്ടിയതെന്തൊക്കെയാണെന്ന് അറിഞ്ഞതേയില്ല. കുറ്റബോധവും തോന്നിയില്ല. വിലക്കുകളെ ലംഘിക്കാനും മനസിന്റെ സമനിലതെറ്റിയതിനാല്‍ എളുപ്പത്തില്‍ സാധിച്ചു.
മദ്യലഹരിയില്‍ മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ അധഃപതിക്കുമ്പോഴാണ് അക്രമവാസനകളും ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നതെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവുവേണോ എന്നു കോഴിക്കോട്ടെ ലഹരിമുക്ത ആശുപത്രിയായ സുരക്ഷയിലെ ഡോ.സത്യനാഥന്‍ ചോദിക്കുന്നു. അടുത്തകാലത്തുണ്ടായ പല പീഡനകഥകളിലെയും കവര്‍ച്ചകളിലെയും പ്രധാനപ്രതി മദ്യമായിരുന്നുവെന്നും അദ്ദേഹം.
പിതാവു മക്കളെ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിനു മദ്യദുരന്തമാണിതെന്നാണു മദ്യപാനത്തില്‍നിന്നു മോചനംലഭിച്ചവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോനിമസിന്റെ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി. മദ്യം അക്രമ വാസനകളെ അധികരിപ്പിക്കുന്നതിനുള്ള ഒറ്റമൂലിയാണ്.
ഉള്ളിലടക്കിപ്പിടിച്ച മോഹങ്ങള്‍ പുറത്തുചാടിക്കാന്‍ മദ്യത്തിനു വല്ലാത്ത ശക്തിയുണ്ട്. വിവേചനബുദ്ധിയില്ലാതാകുമ്പോഴാണ് അമ്മയെയും മകളെയും സഹോദരിയെയും തിരിച്ചറിയാനാകാതെ വരുന്നതെന്ന് അദ്ദേഹം പറയുന്നു.
രാജ്യത്തെ കൊലപാതകങ്ങളില്‍ 84 ശതമാനവും കൈയേറ്റങ്ങളില്‍ 70 ശതമാനവും ഭവനഭേദനങ്ങളില്‍ 70 ശതമാനവും മോഷണങ്ങളില്‍ 65 ശതമാനവും ബലാത്സംഗങ്ങളില്‍ 65 ശതമാനവും നടക്കുന്നതു മദ്യ ലഹരിയിലാണ്. പ്രതിവര്‍ഷം ഇതിന്റെ തോതു രണ്ടുശതമാനംകണ്ടു വര്‍ധിക്കുന്നുമുണ്ടെന്നു കോഴിക്കോട്ടെ ഡോ. പി.എന്‍ സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളുടെ തോത് ഇന്ത്യയില്‍ 175. 6 ശതമാനം മാത്രമാകുമ്പോള്‍ കേരളത്തിലിതിന്റെ വര്‍ധന 306.5 ആണ്. കുടുംബകലഹങ്ങള്‍ ഒരുപാടുരൂപത്തില്‍ കുട്ടികളെ ബാധിക്കുന്നു. അവരുടെ അവകാശങ്ങളെ ഹനിക്കുന്നു.
പന്ത്രണ്ടുമുതല്‍ 19 വരെയുള്ള കൗമാരത്തിലെ മൂര്‍ധന്യഘട്ടം തൊട്ടാല്‍പ്പൊള്ളുന്ന പ്രായമാണ്. കുട്ടികളുടെ ശാരീരികവളര്‍ച്ചയിലുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം മാനസികവും ലൈംഗികവുമായ മാറ്റങ്ങളും ഈ പ്രായത്തിലാണു സംഭവിക്കുന്നത്.
ഒരു കുട്ടിക്കു ജീവിതവഴി തെരഞ്ഞെടുക്കാന്‍ ഏറെ സഹായകമാകുന്ന സമയവും ഇതാണ്. നല്ല വഴികാട്ടികളെ കിട്ടേണ്ടതും ഈ പ്രായത്തില്‍ത്തന്നെ. പക്ഷേ, അവര്‍ക്ക് ഉപദേശകരെ ലഭിക്കുന്നുണ്ടോ.
നല്ല ബാല്യം ലഭിക്കാത്തവരില്‍ നിന്നെങ്ങനെയാണു നല്ല മനുഷ്യരെയും മാനുഷികമൂല്യങ്ങളെയും തിരികെ പ്രതീക്ഷിക്കാനാവുക. അപ്പോള്‍, മാറേണ്ടത് ആദ്യ വിദ്യാലയമായ വീടാണ്. വീട്ടുകാരും. അവിടെനിന്നേ തുടങ്ങുക രോഗത്തിന്റെ ചികിത്സ.
(അവസാനിച്ചു)
എന്തുകൊണ്ടു സ്ത്രീ കുറ്റവാളികള്‍...?
238 സ്ത്രീകുറ്റവളികളാണു കേരളത്തിലെ വിവിധ ജയിലുകളില്‍ ഇന്നു ശിക്ഷയനുഭവിക്കുന്നത്. വിവരാവകാശനിയമപ്രകാരം സുപ്രഭാതത്തിനു ലഭിച്ച മറുപടിയിലാണിതു വ്യക്തമാക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ചു തടവറകളിലെ സ്ത്രീകളുടെ അംഗസംഖ്യ കുറവായിരിക്കാം. എന്നാല്‍, സ്ത്രീ കുറ്റവാളികളുടെ എണ്ണവും അവര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നതിന്റെ വണ്ണവും കൂടിക്കൊണ്ടേയിരിക്കുകയാണ്. ചില കഥകളെങ്കിലും നമ്മെ ഞെട്ടിക്കുന്നു. മദ്യപാനിയായ ജീവിതപങ്കാളിയുടെ കഥ കഴിച്ചശേഷം തടവറയിലെത്തിയ 18 സ്ത്രീകള്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പുരുഷന്മാരുടെ എണ്ണം 200 നു മുകളിലാണ്.
സ്വന്തം മക്കളെ കൊലക്കത്തിക്കിരയാക്കിയ പത്തു സ്ത്രീകള്‍ ശിക്ഷിക്കപ്പെട്ടവരിലുണ്ട്. പിതാവിന്റെ ലൈംഗികവൈകൃതങ്ങള്‍ സഹിക്കവയ്യാതെ ആയുധമെടുത്തവര്‍, സ്വന്തം മകളെ പീഡിപ്പിക്കുന്ന ഭര്‍ത്താവിന് ഒത്താശചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതരായവര്‍, കാമുകനുമായുള്ള അവിഹിതബന്ധം പുറത്തുപറയുമെന്നു പറഞ്ഞ മകനെ വിഷംകൊടുത്തു കൊന്നവര്‍, പുതിയബന്ധത്തിനു തടസ്സംനിന്ന മകളെ കൊന്നു റെയില്‍വേട്രാക്കിലെറിഞ്ഞവര്‍. കണ്ണൂരിലെയും വിയ്യൂരിലെയും തിരുവനന്തപുരത്തെയും വനിതാജയിലുകളില്‍ കഴിയുന്ന തടവുകാരികള്‍ പറഞ്ഞുതരും അകംപൊള്ളുന്ന നൂറുനൂറു കഥകള്‍. കേരളീയ വീട്ടകങ്ങളില്‍നിന്നുകേള്‍ക്കുന്ന പൊട്ടിത്തെറികള്‍ ഒടുങ്ങുന്നത് ഇങ്ങനെയൊക്കെയാണെന്നതു നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഇതെല്ലാം അരങ്ങേറുന്നതാകട്ടെ ആത്മീയതയും ധാര്‍മികതയും പടിയിറങ്ങിപ്പോയ വീടുകളിലാണെന്നതും ശ്രദ്ധേയമാണ്.
എപ്പോഴും കലഹിക്കുന്ന മാതാപിതാക്കള്‍, മദ്യപാനം ശീലമാക്കിയ അച്ഛന്‍, പുകവലിയും ഹാന്‍സും ഫാഷനാക്കിയ സഹോദരങ്ങള്‍, കണ്ണീര്‍ സീരിയലുകളുടെ അടിമകളായിത്തീര്‍ന്ന അമ്മയും സഹോദരികളും. ഇത്തരം ചുറ്റുപാടില്‍ വളരുന്ന ഒരു കുട്ടി എങ്ങനെ നല്ല പൗരനായി മാറും. എങ്ങനെ അവനു സമാധാനത്തോടെ പഠിക്കാനും ഉന്നതവിജയം നേടാനുമാകും...?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."