നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനം
നെടുമ്പാശ്ശേരി: നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനം. ഇന്നലെ നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനും സര്‍ക്കാരിന്റെ പാളിച്ചകള്‍ തുറന്നു കാണിക്കാനും എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം.
സംസ്ഥാനത്ത് പൊലിസിന്റെ ഭാഗത്ത് നിന്നും പൊതുജനങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും പൊലിസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണെന്നും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. നാദാപുരത്തും താനൂരും ഇപ്പോഴും അസ്വാസ്ഥ്യം പുകയുകയാണ്. അവിടെ യഥാര്‍ഥ കുറ്റവാളികളെ പിടികൂടുന്ന കാര്യത്തില്‍ പൊലിസ് അനാസ്ഥ തുടരുകയാണെന്നും അദേഹം പറഞ്ഞു.
കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചും വീടുകള്‍ തകര്‍ത്തും മണിക്കൂറുകളോളം അക്രമികള്‍ അഴിഞ്ഞാടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ നിയമപാലകര്‍ തയാറാകുന്നില്ല. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ലീഗിന്റെ അഭിപ്രായം. എം.കെ മുനീറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ മുനീര്‍ തന്നെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ റീ കാര്‍പ്പറ്റിങ് ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്നും, നിര്‍ത്തലാക്കിയ വിമാന സര്‍വിസുകള്‍ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റെയില്‍വെ ടിക്കറ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ രീതി ജനവഞ്ചനയാണെന്നും ഈ തീരുമാനം പിന്‍വലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. റെയില്‍വെ ബജറ്റില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്നും ഈ രീതി പിന്തുടരുന്ന വിമാന ടിക്കറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ തിക്തഫലങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗം ചുണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, ടി.എ അഹ്മദ് കബീര്‍, വി.കെ ഇബ്‌റാഹിം കുഞ്ഞ്, പി.വി അബ്ദുല്‍ വഹാബ്, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, ടി.എം സലിം, ഡോ.എം.കെ മുനീര്‍, അഡ്വ.പി.എം.എ സലാം, പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."