വാഫി നഗരി ഒരുങ്ങി; അറിവിന്റെ ആഴംതേടി മലയോരഗ്രാമം
മലപ്പുറം: വാഫി, വഫിയ്യ ബിരുദ കോഴ്‌സുകളിലൂടെ രാജ്യാന്തരശ്രദ്ധ നേടിയ കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കൊളജസ്(സി.ഐ.സി)ന് ആസ്ഥാന കാംപസൊരുങ്ങി. മലപ്പുറം കാളികാവിനടുത്ത് അടക്കാക്കുണ്ടില്‍ പ്രഥമഘട്ടമായി പണിതീര്‍ത്ത വാഫി പി.ജി കാംപസില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അന്താരാഷ്ട്ര ഇസ്‌ലാമിക യൂണിവേഴ്‌സിറ്റീസ് ലീഗ് അംഗത്വത്തോടെ പ്രവര്‍ത്തിക്കുന്ന സി.ഐ.സിക്കു കീഴില്‍ സംസ്ഥാനത്തെ 50 വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ആസ്ഥാനനഗരിയാണ് പി.ജി കാംപസ്. പി.ജി തലത്തില്‍ മൂന്നു ഫാക്കല്‍റ്റികള്‍ക്ക് കീഴിലായി എട്ട് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് കാംപസില്‍ പ്രവര്‍ത്തിക്കുന്നത്. മസ്ജിദ്, ഡിജിറ്റലൈസ്ഡ് മള്‍ട്ടിലിംഗ്വല്‍ ലൈബ്രറി, ഓഡിയോ വിഷ്വല്‍ തിയറ്റര്‍, റിസര്‍ച്ച് സെന്റര്‍, ലൈവ് ഇ ക്ലാസ് റൂം, ഇന്റിവിജ്വല്‍ ക്യുബിക്ക്ള്‍ സൗകര്യത്തോടു കൂടിയുള്ള ഹോസ്റ്റല്‍, ഓഡിറ്റോറിയം, ഹൈജീനിക് കാന്റീന്‍, കളിക്കളങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കാംപസ്. തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വൈജ്ഞാനികരംഗത്ത് ആഗോളശ്രദ്ധ നേടാനൊരുങ്ങുകയാണ് മലയോര മേഖലയിലെ ഈ അക്ഷരഗ്രാമം.
സമസ്ത സംഘാടകനും പൗരപ്രമുഖനുമായ അടക്കാക്കുണ്ട് ബാപ്പുഹാജി ദാനമായി നല്‍കിയ 15 ഏക്കറിലാണ് കാംപസ് നിര്‍മാണം പുരോഗമിക്കുന്നത്. സ്ഥാപനത്തിന് അഞ്ച് ഏക്കറായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 15 ഏക്കര്‍ ഭൂമി ഇദ്ദേഹം സി.ഐ.സി റെക്റ്റര്‍ കൂടിയായ സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ആറുമാസം മുന്‍പാണ് നിര്‍മാണപ്രവൃത്തികള്‍ക്കു തുടക്കമിട്ടത്. 40 കോടി രൂപ ചെലവിലാണ് ബഹുമുഖ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക.
ഇസ്‌ലാമിക പാണ്ഡിത്യവും യു.ജി.സി ബിരുദവും സമന്വയിപ്പിച്ചാണ് എട്ടുവര്‍ഷത്തെ വാഫി, അഞ്ചു വര്‍ഷത്തെ വഫിയ്യ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 44 വാഫി സ്ഥാപനങ്ങളും ആറ് വഫിയ്യ സ്ഥാപനങ്ങളും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 4500 ല്‍പരം വിദ്യാര്‍ഥികളാണ് നിലവില്‍ പഠിതാക്കള്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന 11 അക്കാദമിക് സംവിധാനങ്ങളുമായി വിവിധതരത്തിലുള്ള സഹകരണവും സി.ഐ.സി നേടിയിട്ടുണ്ട്.
ഈജിപ്തിലെ അല്‍ അസ്ഹറില്‍ നിന്ന് ഏഴ് വാഫി പണ്ഡിതര്‍ ഇതിനകം ബിരുദാനന്തരബിരുദം നേടി. കൈറോ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് നേടിയ ആദ്യ ആറ് ഇന്ത്യക്കാര്‍ വാഫി ബിരുദധാരികളാണ്. പി.ജി കാംപസ് ക്ലാസ് ഉല്‍ഘാടനം നാളെ വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."