റഷ്യക്കെതിരേ ആരോപണവുമായി വാഡ
ലണ്ടന്‍: കായിക താരങ്ങളുടെ ഉത്തേജക പരിശോധനാ ഫലം ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി. വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഫാന്‍സി ബേര്‍സ് എന്ന വെബ്‌സൈറ്റിന് റഷ്യന്‍ കമ്പനികളുമായി അടുപ്പമുണ്ടെന്നാണ് വാഡയുടെ വാദം. എന്നാല്‍ ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവ് ഇതു വരെ ലഭിച്ചിട്ടില്ല.
ഒളിംപിക്‌സടക്കമുള്ള ടൂര്‍ണമെന്റുകളില്‍ വിലക്കേര്‍പ്പെടുത്തിയതിന് പ്രതികാര നടപടിയായിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വാഡ ആരോപിക്കുന്നുണ്ട്. എന്നാല്‍ റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ഹാക്കര്‍മാരെ തടയണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഡയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബാഷ് വ്യക്തമാക്കി.
വാഡ റഷ്യക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. ഇത്തരം ആരോപണങ്ങളിലൂടെ റഷ്യയും വാഡയും തമ്മിലുള്ള ബന്ധം വഷളാവാനേ സാധ്യതയുള്ളൂ.റഷ്യയുമായി ചര്‍ച്ച നടത്താന്‍ വാഡയെ ഐ.ഒ.സി സഹായിക്കും. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ റഷ്യയെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ബാഷ് പറഞ്ഞു. അതേസമയം ഹാക്കര്‍മാരെ രൂക്ഷമായി ബാഷ് വിമര്‍ശിച്ചു. അത്യന്തം ഗൗരവമുള്ള രേഖകള്‍ ചോര്‍ത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബാഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചോര്‍ത്തിയ രേഖകളില്‍ നിന്ന് 11 അത്‌ലറ്റുകളുടെ പരിശോധനാ ഫലങ്ങള്‍ ഫാന്‍സി ബേര്‍സ് പുറത്തുവിട്ടു. ബ്രിട്ടനില്‍ നിന്ന് നാലും ആസ്‌ത്രേലിയയില്‍ നിന്ന് മൂന്നും ജര്‍മനിയില്‍ നിന്ന് രണ്ടും ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമാണ് ഇതില്‍ ഉള്ളത്. ബോക്‌സിങ്, സൈക്ലിങ്, തുഴച്ചില്‍, ഷൂട്ടിങ്, നീന്തല്‍, ടെന്നീസ് എന്നീ മേഖലയില്‍ നിന്നുള്ള താരങ്ങളാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."