നാടോടി സ്ത്രീക്ക് പേവിഷബാധയെന്ന് സംശയം; മണ്ണൂരില്‍ നാട്ടുകാര്‍ ഭീതിയില്‍
ഫറോക്ക്: കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരില്‍ നാടോടി സ്ത്രീക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ വളവിലും പരിസരത്തുമായി കഴിഞ്ഞുവരുന്ന കുടുംബത്തിലെ അറമുഖന്‍ എന്നയാളുടെ ഭാര്യ ലക്ഷ്മിയെയാണ് (40) പേവിഷബാധയേറ്റിട്ടുണ്ടെന്ന സംശയത്തില്‍ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരില്‍ ഭീതി പരന്നിട്ടുണ്ട്. ഇവരെ കടിച്ച പേപ്പട്ടിയും കടിയേറ്റ മറ്റു തെരുവു നായ്ക്കളും നാട്ടില്‍ ചുറ്റിനടക്കുന്നുണ്ടാകുമെന്നതാണ് ജനങ്ങളില്‍ ആശങ്കപടരാനിടയാക്കുന്നത്.
ഇന്നലെ രാവിലെ സമീപത്തെ ആശുപത്രിയില്‍ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു ചികിത്സക്കെത്തിയ ലക്ഷ്മിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ചില അസ്വാഭാവികത പ്രകടമായതിനെ തുടര്‍ന്നായിരുന്നു റഫര്‍ ചെയ്തത്. ഇവിടെ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കയച്ചത്. കൂട്ടിനാരുമില്ലാതെ എത്തിയ ലക്ഷ്മിയുടെ ബന്ധുക്കളെ വിളിച്ചുവരുത്താന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും മകനു വരാന്‍ വണ്ടിക്കൂലിയില്ലെന്ന് അറിയിച്ചതോടെ മെഡിക്കല്‍ കോളജ് പി.ആര്‍.ഒ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയെ വിവരമറിയിക്കുകയായിരുന്നു. എം.എല്‍.എ ഉടന്‍ ലക്ഷ്മിയുടെ മകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ഏര്‍പ്പെടുത്തി.
ലക്ഷ്മിക്ക് പേവിഷബാധയേറ്റിട്ടുണ്ടോയെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. നേരത്തെ തെരുവുനായ കടിച്ചിട്ടുണ്ടായിരുന്നതായി ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്.
വെള്ളം കാണുമ്പോള്‍ ഭയപ്പാട് പ്രകടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ചില ലക്ഷണങ്ങള്‍ നാടോടി സ്ത്രീ പ്രകടിപ്പിച്ചതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ഇവര്‍ ഭര്‍ത്താവിനും മകനുമൊത്ത് വര്‍ഷങ്ങളായി മണ്ണൂരിലെ പീടിക വരാന്തകളിലും മറ്റുമായാണ് കഴിച്ചുകൂട്ടുന്നത്. കക്കൂസ് ടാങ്ക് വൃത്തിയാക്കല്‍ ജോലിയെടുത്താണ് ജീവിക്കുന്നത്.
ലക്ഷ്മിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ കാര്യത്തിലും ആശങ്കയുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."