ടെന്നിസ് വോളിബോള്‍ ആവേശത്തില്‍ കാവുമന്ദം
സംസ്ഥാന യൂത്ത് ടെന്നിസ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് സെമി, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും
കാവുമന്ദം: ജില്ലയിലെ കായിക പ്രേമികള്‍ക്ക് കായിക വിനോദത്തിന്റെ വ്യത്യസ്ത പകര്‍ന്ന് സംസ്ഥാന യൂത്ത് ടെന്നിസ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് തുടക്കമായി. ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷനും തരിയോട് നിര്‍മലാ ഹൈസ്‌കൂളും സംയുക്തമായാണ് കായിക മേളക്ക് നേതൃത്വം നല്‍കുന്നത്. നിര്‍മല ഹൈസ്‌ക്കൂള്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. വോളിബോളിന്റെയും ടെന്നിസിന്റെയും സമ്മിശ്രരൂപമായ ടെന്നീസ് വോളിബോള്‍ തുടക്കത്തില്‍ ആസ്വാദകര്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും കളിയറിവ് കിട്ടിയതോടെ ഈ അങ്കലാപ്പ് പ്രോത്സാഹനത്തിന് വഴിമാറി.
വോളിബോളിന് ഉപയോഗിക്കുന്ന ബോളാണ് ടെന്നിസ് വോളിബോളിലും ഉപയോഗിക്കുന്നത്. എന്നാല്‍ ഒരേസമയം ആറുപേര്‍ വോളിബോളില്‍ കളത്തിലിറങ്ങുമ്പോള്‍ ടെന്നീസ് വോളിബോളില്‍ ടെന്നിസ് മാതൃകയില്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ ഉണ്ടാവും. ടീം ഇനത്തില്‍ റിവേഴ്‌സ് സിംഗിള്‍സും നടത്തും. നെറ്റും കോര്‍ട്ടുമെല്ലാം ടെന്നീസിന് സമാനമാണ്. വോളിബോളിന് സ്മാഷുകളും ബ്ലോക്കുകളുമാണ് വശ്യത പകരുന്നതെങ്കില്‍ റാലിയാണ് ടെന്നീസ് വോളിബോളിന്റെ പ്രധാന ആകര്‍ഷണീയത. സര്‍വീസും പ്ലേസ്‌മെന്റുമെല്ലാം ഒരുപോലെ ആവേശം പകരും. ജില്ലയില്‍ പല ഭാഗങ്ങളിലും ടെന്നീസ് വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏറെ പ്രചാരം ലഭിച്ചിരുന്നില്ല. ഇന്നലയോടെ പ്രാഥമിക മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
മത്സരം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റീന സുനില്‍ അധ്യക്ഷയായി. ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി.എം അബ്ദുല്‍റഹ്മാന്‍, കെ.വി ചന്ദ്രശേഖരന്‍, ടോം തോമസ്, സിറിയക് ഐസക്, തുടങ്ങിയവര്‍ സംസാരിച്ചു. വിജയന്‍ ചെറുകര സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."