കാന്‍വാസിലാക്കിയ മഞ്ഞില്‍ വിരിഞ്ഞ ദൃശ്യങ്ങള്‍
കണ്ണൂര്‍: പ്രകൃതിദൃശ്യങ്ങളെ മനോഹരമായി കാന്‍വാന്‍സില്‍ പകര്‍ത്തി വിസ്മയം തീര്‍ക്കുന്ന പള്ളിക്കുന്ന് സ്വദേശി മോഹനകൃഷ്ണന്റെ ചിത്രപ്രദര്‍ശനം കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടലില്‍ തുടങ്ങി. മഞ്ഞിന്റെ വിവിധ ഭാവങ്ങളുള്ള ചിത്രങ്ങളാണു കൂടുതലായും ഉള്‍പ്പടുത്തിയത്. 63ാം വയസില്‍ ആല്‍പ്‌സ് പര്‍വതനിരകളുടെ ചിത്രംവരച്ച് തുടങ്ങിയ തന്റെ കലാജീവിതം ബിസിനസ് തിരക്കുകളില്‍ നിന്നുണ്ടാവുന്ന ടെന്‍ഷനുകള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുന്നുണ്ടെന്നു മോഹനകൃഷ്ണന്‍ പറയുന്നു. 'ആദ്യമൊക്കെ ഒരു നേരംപോക്ക് എന്ന നിലയിലാണു ചിത്രം വരച്ചുതുടങ്ങിയത്. ഇന്ന് അതെന്റെ ജീവിതത്തിന്റെ ഭാഗമായി. ബിസിനസിലെ ഇടവേളകളില്‍ ലഭിക്കുന്ന ചുരുങ്ങിയ സമയങ്ങളിലാണു ഇതെല്ലാം പൂര്‍ത്തിയാക്കിയതെന്നും മോഹനകൃഷ്ണന്‍ വ്യക്തമാക്കി.
റോക്ക് ഐലന്റ്, കാനക്കോവ വെള്ളച്ചാട്ടം, മൗണ്ട് ഫ്യുജി വെള്ളച്ചാട്ടം, ആമസോണ്‍ നദി ഉത്ഭവിക്കുന്ന കോളംമ്‌നാര്‍ റോക്ക്, ക്ലസ്റ്റര്‍ ദ്വീപ് തുടങ്ങി ഇതുവരെ കൂടുതലാരും പകര്‍ത്താത്ത അതിമനോഹരമായ പ്രകൃതിയുടെ വിവിധ ദൃശ്യങ്ങളാണു പ്രദര്‍ശനത്തിലുള്ളത്.
ആദ്യകാല വ്യവസായിയായ നാലാംവീട്ടില്‍ കുഞ്ഞിരാമന്റെയും യശോദയുടെയും പത്ത് മക്കളില്‍ ഇളയവനാണ് മോഹനകൃഷ്ണന്‍. സഹോദരന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ബ്രാന്‍ഡായ മൈബ്രായില്‍ ഡിസൈന്‍, ഡവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മേഖലയില്‍ പ്രമുഖ സ്ഥാനം വഹിക്കുകയാണ്.
പ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. ടി മിലേഷ്‌കുമാര്‍, കെ.പി പവിത്രന്‍, ആര്‍ട്ടിസ്റ്റ് ശശികല, ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ബ്രഷ്മാന്‍, സുഹാസ് വേലാണ്ടി സംബന്ധിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ നടക്കുന്ന പ്രദര്‍ശനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."