ശ്രീനന്ദനയ്ക്കു കണ്ണീര്‍പൂക്കള്‍
പയ്യന്നൂര്‍: വാഗ അതിര്‍ത്തിയില്‍ അപകടത്തില്‍ മരിച്ച പെരളത്തെ കെ.വി പ്രേമരാജന്‍-നാഗവല്ലി ദമ്പതികളുടെ മകള്‍ ഒന്‍പതുവയസുകാരിയായ ശ്രീനന്ദനയുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാവിലെ എട്ടോടെ പെരളം സമുദായ ശ്മശാനത്തിലാണു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കാരം നടന്നത്. നൂറുകണക്കിനാളുകളാണ് ശ്രീനന്ദനയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സി കൃഷ്ണന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്, ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി പി.പി ദിവാകരന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വാഗാ അതിര്‍ത്തിയില്‍ ഇരുമ്പ് പൈപ്പ് തലയില്‍ വീണാണു ശ്രീനന്ദന മരിച്ചത്. കുടുംബ സമേതം പരേഡ് കാണുന്നതിനിടെ ബി.എസ്.എഫിന്റെ നിര്‍മാണത്തിലിരിക്കുന്ന ഗാലറിയുടെ ഇരുമ്പ് തൂണ് വീണായിരുന്നു അപകടം. അമൃത്സര്‍ ജാലിയന്‍ വാലാബാഗ് സ്മാരക ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലും പിന്നീട് കൊച്ചിയിലുമെത്തിച്ചു. തുടര്‍ന്നു പ്രത്യേക ആംബുലന്‍സില്‍ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. ശ്രീനന്ദ്, ശ്രീനിത എന്നിവരാണു ശ്രീനന്ദനയുടെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."