സമകാലിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് നിശ്ചലദൃശ്യങ്ങള്‍
തൃശൂര്‍: ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും പുരാണങ്ങളിലെ പ്രസക്തമായ സന്ദര്‍ഭങ്ങളും സമന്വയിച്ചുള്ളതായിരുന്നു ഇത്തവണത്തെ ഫ്‌ളോട്ടുകള്‍ എറെയും.
സൗമ്യയുടെ കൊലപാതകവും തുടര്‍ന്നുള്ള ഗോവിന്ദ ചാമിയുടെ തൂക്കുകയര്‍ മോചനവും വിഷയമാക്കിയുള്ള ഫ്‌ളോട്ട് ഒരുക്കിയത് തൃക്കുമാരകുടം ദേശമാണ്. മടയില്‍ വിശ്രമിക്കുന്ന പുലികളായിരുന്നു ഇവരുടെ ആദ്യത്തെ ഫ്‌ളോട്ട്. ഒരു ചാക്ക് നിറയെ പേപ്പട്ടികളുമായി പട്ടിപിടുത്തക്കാരനും ഒപ്പം തെരുവുനായയില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുന്ന സ്‌കൂള്‍ കുട്ടിയും എന്ന ശ്രദ്ധേയമായ നിശ്ചയദൃശ്യം ഒരുക്കിയത് മൈലിപ്പാടം ദേശമാണ്.
ആനകള്‍ അണിനിരന്ന വടക്കുംനാഥന്റെ ദൃശ്യമാണ് അയ്യന്തോള്‍ ദേശത്തിന്റേതായി ആദ്യം വന്നത്. ധര്‍മ്മപുത്രര്‍ പട്ടിയെയും കൊണ്ട് സ്വര്‍ഗവാതില്‍ക്കല്‍ നില്‍ക്കുന്ന ദൃശ്യവും ആനയുടെ തുമ്പിക്കയ്യില്‍ അമരുന്ന യുവാവിന്റെ ദൃശ്യവും അയ്യന്തോള്‍ ദേശത്തിന്റേതായി ഉണ്ടായിരുന്നു.
തുടര്‍ന്ന് വന്ന കൊക്കാലെ ദേശത്തിന്റെ ഫ്‌ളോട്ടില്‍ ആദ്യം ദൃശ്യമായത് ദേവീ രൂപമാണ്. മാലിന്യകൂമ്പാരത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്ന അമ്മയുടേയും കുഞ്ഞിന്റെയും ദൃശ്യം ഏറെ ശ്രദ്ധേയമായി. തെരുവ് നായ്കള്‍ വിഹരിക്കുന്ന മാലിന്യ കൂമ്പാരത്തിനു സമീപം ചില്ലകളെല്ലാം വെട്ടിമാറ്റിയ മരക്കയ്യിലാണ് കുഞ്ഞിനെ തൊട്ടില്‍കെട്ടി ഉറക്കിയിരുന്നത്.
ജംഗിള്‍ബുക്കില്‍ തുടങ്ങി പുലിക്കളിക്കിടെ നിറഞ്ഞുനിന്ന നിശ്ചലദൃശ്യങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. സ്വരാജ്‌റൗണ്ട് നിറഞ്ഞുനില്‍ക്കുംവിധമുള്ള വലിയ നിശ്ചലദൃശ്യങ്ങളാണ് ഇത്തവണ എല്ലാം സംഘങ്ങളും ഒരുക്കിയത്.
മാലിന്യ പ്രശ്‌നങ്ങള്‍ ഇത്തവണയും വിഷയമായി. വെഡിങ് എന്ന് പേരിട്ട നിശ്ചലദൃശ്യത്തില്‍ പുരാതന വിവാഹചടങ്ങിനെ പരിചയപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കി എല്ലാ സംഘങ്ങളും നിശ്ചലദൃശ്യമൊരുക്കി. ജഡായു, കാളപ്പുറത്തേറിവരുന്ന ശിവന്‍, രാമായണത്തിലെ സന്ദര്‍ഭങ്ങള്‍, ഭാരതയുദ്ധം, കാളി, ശിവതാണ്ഡവം, ശിവനും പാര്‍വതിയും, ക്ഷേത്രദര്‍ശനം എന്നിങ്ങനെ വൈവിധ്യങ്ങള്‍ ഏറെയായിരുന്നു. വൈദ്യുതാലങ്കാര പ്രഭയിലായിരുന്നു ഫ്‌ളോട്ടുകള്‍ നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."