മുനിസിപ്പല്‍ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍
കോട്ടയം: മുനിസിപ്പല്‍ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍;ഫണ്ട് ഉണ്ടായിട്ടും ഉപയോഗപ്പെടുത്താതെ അധികൃതര്‍. നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ച് മാസങ്ങളായിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഒന്നരക്കോടി രൂപയ്ക്കുള്ള നിര്‍മ്മാണ അനുമതി ലഭിച്ചിട്ടും ഉചിത നടപടികള്‍ കൈക്കൊള്ളാത്തത് നഗരസഭയുടെ അനാസ്ഥയാണെന്ന് ഒരുകൂട്ടര്‍ പറയുന്നു. പ്രാരംഭഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പിന്നീട് അവ മന്ദഗതിയിലാകുന്ന കാഴ്ച്ചയ്ക്കാണ് അക്ഷരനഗരി സാക്ഷ്യം വഹിച്ചത്.എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലാതിനെക്കുറിച്ച് അധികൃതര്‍ ഒന്നും തന്നെ മിണ്ടുന്നില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നുമാണ് മുനിസിപ്പല്‍ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക അനുവധിച്ചത്. മൂന്നര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഴുവന്‍ എസ്റ്റിമേറ്റ് തുകയും എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കുമെന്നും അന്നു പറഞ്ഞിരുന്നു.
എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കാതെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി നിര്‍മാണം നീട്ടിവെക്കുകയാണ് അധികൃതര്‍. കുട്ടികള്‍ക്ക് കളിക്കാനായി ആധുനിക നിലവാരത്തില്‍ ഉള്ള സംവിധാങ്ങള്‍, പുതിയ കളിപ്പാട്ടങ്ങള്‍, റിഫ്രെഷ്‌മെന്റുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ നവീകരണ പദ്ധതികളില്‍ ഉള്‍പ്പെടും. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വേളയില്‍ പാര്‍ക്ക് മണ്ണിട്ടു ഉയര്‍ത്തുകയും ചുറ്റുമതിലുകള്‍ സ്ഥാപിക്കുകയും ചെയ്തു.
ശേഷം ശില്‍പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നു ശില്‍പങ്ങളും പാര്‍ക്കില്‍ സ്ഥാപിച്ചു. പിന്നീടുള്ള പ്രവര്‍ത്തനങ്ങളാണിപ്പോള്‍ മാസങ്ങളായി നിലച്ചിരിക്കുന്നത്.
ഇതുമൂലം നിലവില്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ശില്‍പ്പങ്ങളുടക്കമുള്ള മറ്റു വസ്തുക്കളും നശിക്കുകയാണ്. കൂടാതെ പാര്‍ക്കിനു ചുറ്റും കാടുകയറി ഇപ്പോള്‍ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. നഗരത്തിന്റെ തന്നെ പലഭാഗങ്ങളില്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന മറ്റു പാര്‍ക്കുകളെ സഹായികാന്‍ വേണ്ടിയാണ് നഗരഹൃദയത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ പാര്‍ക്കിനോട് അധികാരികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അനാസ്ഥ കാണിക്കുന്നതെന്നും ആരോപണമുയരുന്നു. ജൂബിലി പാര്‍ക്കിന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പകല്‍ സമയങ്ങളില്‍ കുട്ടികളുമായി നഗരത്തിലെത്തുന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രമാണ് ഇല്ലാതിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."