ജനറല്‍ ആശുപത്രികളുടെ ചുമതല നഗരസഭയ്ക്ക്: പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് വിലയിരുത്തല്‍
കോട്ടയം: പണ്ടേ ദുര്‍ഭല ഇപ്പോള്‍ ഗര്‍ഭിണിയെന്നു പറയുന്നപോലെയായി ജനറല്‍ ആശുപത്രിയുടെ കാര്യവും. ജനറല്‍ ആശുപത്രികളുടെ ചുമതല ഗരസഭകള്‍ക്ക് കൈമാറിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് ആശങ്ക.
പലപ്പോഴും മരുന്നില്ലാതെയും ആവശ്യത്തിന് ജീവനക്കാരില്ലാതെയും ബുദ്ധിമുട്ടിയിരുന്ന ജനറല്‍ ആശുപത്രിയുടെ ചുമതല സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയ്ക്ക കൈമാറിയത് ആരോഗ്യ മേഖല വീണ്ടും താളം തെറ്റുമെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെന്നും ചിലര്‍ പറയുന്നു. ഇത്തരം അവസ്ഥയില്‍ ചുമതല നഗരസഭയ്ക്ക് നല്‍കിയാല്‍ സാരമായി ബാധിക്കുക സാധാരണക്കാരെ തന്നെയാകും.
ജനറല്‍ ആശുപത്രികളുടെ ഭരണചുമതല നഗരസഭകള്‍ക്ക് കൈമാറിക്കൊണ്ട് കഴിഞ്ഞ ആഴ്ച്ചയാണ് ഉത്തരവിറങ്ങിയത്. നാളിതുവരെ ആരോഗ്യ വകുപ്പിന് കീഴിലുണ്ടായിരുന്ന ആശുപത്രികളാണ് ഇനി ത്രിതല പഞ്ചായത്തുകളുടെ കീഴിലാക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ കീഴിലായിരുന്നപ്പോഴും പരാധീനതയുടെ നടുവിലായിരുന്ന ആശുപത്രികളുടെ കാര്യം എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെ. ജില്ലയില്‍ കോട്ടയം, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ ജനറല്‍ ആശുപത്രികളുടെ ചുമതല അതാത് നഗരസഭകള്‍ക്കും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനും കൈമാറുന്നതായാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ ഇറക്കിയ ഉത്തരവില്‍ സാമ്പത്തിക നടത്തിപ്പ് സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ ഒന്നും അധികാരികള്‍ക്ക് നല്‍കിയിട്ടില്ല.
പുതിയ മാറ്റത്തോടെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ ആശുപത്രിയുടെ മുഴുവന്‍ ചെലവും മുനിസിപ്പാലിറ്റികള്‍ കണ്ടെത്തേണ്ട അവസ്ഥയാണ്.ഫലത്തില്‍ ആശുപത്രി നടത്തിപ്പിന്റെ ബാധ്യതയില്‍നിന്നും സര്‍ക്കാര്‍ തലയൂരുകയാണു പുതിയ നടപടിയിലൂടെ ചെയ്തിരിക്കുന്നതെന്ന ആരോപണം ഉയരുന്നു.ഇത്തരത്തില്‍ സര്‍ക്കാര്‍ തലയൂരുമ്പോള്‍ പ്രതിസന്ധിയിലാകുക ആശുപത്രിയും നഗരസഭയുമാണെന്നതില്‍ സംശയമില്ല.അനുദിനചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മിക്ക മുനിസിപ്പാലിറ്റികളും. അതിനിടയിലാണ് ആശുപത്രി നടത്തിപ്പിന്റെ ഭാരിച്ച ചുമതല കൂടി അധിക ബാധ്യതയായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്.ജീവനക്കാരുടെ ശമ്പളം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി ദൈനംദിന ചെലവുകള്‍ക്കെല്ലാമുള്ള ഭീമമായ പണം നഗരസഭകള്‍ സ്വയം കണ്ടെത്തണം.
ആശുപത്രിയില്‍ വേണ്ട വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാമുള്ള പണം കണ്ടൈത്തേണ്ട സാമ്പത്തികഭാരം ഇതോടെ നഗരസഭകളുടെ തലയിലാകും.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലായിരുന്ന ആശുപത്രി ഒന്നര വര്‍ഷം മുന്‍പ് മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയത്. ഇതോടെ ആശുപത്രിയുടെ നിലവാരം ഉയര്‍ന്നതിനൊപ്പം ജീവനക്കാരുടെ എണ്ണത്തിലും ആനുപാതികമായി വര്‍ധന ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ വരുമാനമില്ലാത്ത നഗരസഭയ്ക്ക് ആശുപത്രിയുടെ ചുമതല നല്‍കുന്നത് വീണ്ടും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."