ജില്ലാതല ഓണാഘോഷം സമാപിച്ചു
കോട്ടയം: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ഇതരവകുപ്പുകളും സംയുക്തമായി 12 മുതല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നു വേദികളിലായി തീം അടിസ്ഥാനത്തിലാണ് ഇക്കുറി നടന്നത്.
തിരുനക്കര, നാലുമണിക്കാറ്റ് വഴിയോര പാര്‍ക്ക്, കോടിമത വാട്ടര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ യഥാക്രമം കലാ-സാംസ്കാരിക പരിപാടി, ഗ്രാമീണ കലാ മത്സരങ്ങള്‍, വാട്ടര്‍ തീം, ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ നടന്നു.
തിരുനക്കര മൈതാനിയില്‍ എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കലാപരിപാടി അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. ക്ഷയോന്മുഖമായ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
അര്‍ജുന നൃത്തം, മുടിയേറ്റ്, കഥാപ്രസംഗം, ഗസല്‍ സന്ധ്യ, നാടകം എന്നിവയ്ക്ക് ഇത്തവണ പ്രാധാന്യം നല്കി. കരവഞ്ചിപ്പാട്ട്, നാടന്‍ പാട്ട്, ലളിതഗാനം, അത്തപ്പൂക്കളം എന്നിവയില്‍ മത്സരവും നടന്നു. വരും വര്‍ഷങ്ങളില്‍ ഗ്രാമ പ്രദേശങ്ങളിലേയ്ക്കു കൂടി ജില്ലാതല ഓണാഘോഷം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ കലക്ടര്‍ സി.എ ലത സമാപന സന്ദേശം നല്കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും കലക്ടര്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."