ബമ്പര്‍ ലോട്ടറിയിലെ ചൂഷണം
പാവപ്പെട്ട ആശയും കീശയും ചൂഷണം ചെയ്യുന്ന ചൂത് കളിയാണ് ലോട്ടറി. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ റിക്കാര്‍ഡ് തുകയാണ് ഇത്തവണ തിരുവോണം ബമ്പറിന്. പത്രത്തില്‍വന്ന കണക്കും അതിന്റെ വിശദാംശങ്ങളും പരിശോധിച്ചാല്‍ ലോട്ടറി വകുപ്പ് ചെയ്യുന്നതു പിച്ചക്കാരന്റെ പോക്കറ്റടിക്കുന്ന ബമ്പര്‍ വെട്ടിപ്പ് ആണെന്നു വ്യക്തമാകും. 72 ലക്ഷം ടിക്കറ്റാണ് ഓണം ബമ്പറിന് അടിക്കുന്നത്. ടിക്കറ്റ് വില 200 രൂപ. ഇതില്‍നിന്നുള്ള വരുമാനം 72 ലക്ഷം ഃ 200 = 144 കോടി രൂപ. ഇതില്‍ ഏജന്‍സി കമ്മിഷന്‍ 25 ശതമാനം കുറച്ചാല്‍ ബാക്കി 108 കോടി രൂപ. ഇതില്‍നിന്ന് സമ്മാനത്തിനു നീക്കിവയ്ക്കുന്നത് ഒന്നാം സമ്മാനമായ എട്ടുകോടി ഉള്‍പ്പെടെ മൊത്തം 20 കോടി രൂപ.
10,000 രൂപ വരെയുള്ള സമ്മാനത്തിന് നികുതിയില്ല. അത് ഉദ്ദേശം രണ്ടുകോടി വരും. ബാക്കി 18 കോടി. 18 കോടിക്ക് ഏകദേശം 37 ശതമാനം നികുതി, 6.66 കോടി. ഇതില്‍നിന്ന് ഏജന്‍സി കമ്മീഷന്‍ 10 മുതല്‍ 20 വരെ ശതമാനം കൂട്ടിയാല്‍ ഏകദേശം മൂന്നുകോടി. നികുതി ഇനത്തില്‍ സര്‍ക്കാരിനു ലഭിക്കുന്നത് ഏകദേശം 3.66 കോടി. അതായത് ലോട്ടറി വകുപ്പിനു കിട്ടുന്നത് 108-20 = 88 കോടി. ചെലവ് കഴിച്ച് 85 കോടി. നികുതി ഇനത്തില്‍ കിട്ടുന്നത് ഏകദേശം 3.5 കോടി. ജനത്തിന്റെ കാഴ്ചപ്പാടില്‍ സര്‍ക്കാരിനു കിട്ടുന്നത് 88.5 കോടി രൂപ.
144 കോടി രൂപ ജനങ്ങളില്‍നിന്നു പിരിച്ചിട്ട് അവര്‍ക്കു സമ്മാനമായി നല്‍കാന്‍ പോകുന്നത് 13.40 കോടി രൂപ. ഏജന്റിന് 39 കോടി, സര്‍ക്കാരിന് ഏകദേശം 90 കോടി. ഇതു ബ്ലേഡ് പലിശയേക്കാള്‍ വലിയ അനീതിയല്ലേ?
ഇനി ഈ 144 കോടി രൂപ എങ്ങനെ വരുന്നു എന്നു നോക്കാം. ലോട്ടറി എടുക്കുന്നതു ടാറ്റായോ, ബിര്‍ളയോ, ബില്‍ ഗേറ്റ്‌സോ കേരളത്തിലെ കോടീശ്വരന്മാരോ അല്ല. അപൂര്‍വമായി കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍വേണ്ടി എടുക്കാറുണ്ട്. ബാക്കി 95 ശതമാനവും ലോട്ടറി എടുക്കുന്നതു കിടപ്പാടം പോലും ഇല്ലാത്തവര്‍, പുരനിറഞ്ഞു പെണ്‍മക്കള്‍ നില്‍ക്കുന്നവര്‍, ജപ്തിഭീഷണി നേരിടുന്നവര്‍, വിവിധതരം രോഗങ്ങള്‍ക്കു ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ എന്നിവരൊക്കെയാണ്.
ഒരിക്കല്‍ ലോട്ടറി അടിക്കും അന്നു ദുരിതമൊക്കെ മാറും എന്നു കരുതുന്ന ഹതാശര്‍. കൂടാതെ സര്‍ക്കാരില്‍നിന്നു യാതൊരു ആനുകൂല്യവും ലഭിക്കാത്ത ഇടത്തരക്കാരും. ഒന്നും രണ്ടും നേരത്തെ ആഹാരം കഴിക്കാതെ ആ പണം കൊണ്ടു ലോട്ടറി എടുക്കുന്നവരുണ്ട് ദുരിതം മാറുമെന്നു കരുതി. അല്ലാതെ ഇതു കിട്ടിയിട്ടു വിദേശത്തു ടൂര്‍ പോകണം, കാര്‍ വാങ്ങണം, കള്ളപ്പണം വെളുപ്പിക്കണം എന്നൊക്കെ കരുതുന്നവര്‍ അഞ്ചുശതമാനം മാത്രം.
പൊതുജനത്തിനെ സഹായിക്കാനെന്ന പേരില്‍ അവരെ പറ്റിക്കുന്ന ഏര്‍പാട് അവസാനിപ്പിക്കണം. ഈ ചൂതാട്ടം ചൂഷണം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."