HOME
DETAILS
MAL
ടാങ്കുടമയല്ല, കിണറുടമയാണ് മുതലാളി
backup
February 15 2016 | 07:02 AM
ഒരു പാവം കര്‍ഷകനുണ്ടായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപാടു പെടുന്ന പച്ച സാധു. ഏതെങ്കിലുമൊരു ദിവസം പണിയില്ലാതായാല്‍ അദ്ദേഹത്തിന്റെ കുടുംബം അന്ന് പട്ടിണിയാണ്. ദിവസവും മണ്‍വെട്ടി വായ്പവാങ്ങിയാണ് അയാള്‍ പാടത്തേക്കിറങ്ങുക. പിന്നെ പൊരിവെയിലും കൊണ്ട് വിയര്‍പ്പൊഴുക്കി പണിയെടുക്കും. വൈകുന്നേരമായാല്‍ ചില്ലിക്കാശും വാങ്ങി വീട്ടിലേക്ക് തിരിക്കുകയും ചെയ്യും. ഇങ്ങനെ തട്ടിമുട്ടി അയാളുടെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ടു പോകുന്നു.
ദൈന്യത നിറഞ്ഞ ഈ ജീവിതരീതി ശ്രദ്ധയില്‍പെട്ട നല്ലവനായ അയല്‍ക്കാരന്‍ ഒരിക്കല്‍ ആ കര്‍ഷകനോട് പറഞ്ഞു:''സഹോദരാ, നിങ്ങളുടെ അവസ്ഥ ഞാന്‍ ശരിക്കും മനസിലാക്കിക്കഴിഞ്ഞു. ആലോചിക്കുമ്പോള്‍ വലിയ സങ്കടമുണ്ട്. ഒരു വിഡ്ഢിത്തം താങ്കളുടെ ഭാഗത്തുനിന്ന് സംഭവിച്ചുപോയോ എന്ന് ന്യായമായും ഞാന്‍ സംശയിച്ചു പോവുകയാണ്.''
''അതെന്താ?''-കര്‍ഷകന്‍ ആകാംക്ഷയോടെ.
''അതായത്, താങ്കള്‍ മണ്‍വെട്ടി വാടക വാങ്ങാറുണ്ടല്ലോ. എല്ലാ ദിവസവും വാടക വാങ്ങുന്നതിനു പകരം ഒരു ദിവസം ആ മണ്‍വെട്ടി വിലയ്ക്കു വാങ്ങിയാലെന്താ? വാടക വാങ്ങിയാല്‍ ഒരു ദിവസത്തേക്കു മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. വല്ല പരിക്കും പറ്റിയാല്‍ അതിന്റെ നഷ്ടപരിഹാരം കൊടുക്കുകയും വേണം. വിലയ്ക്കു വാങ്ങിയാല്‍ എക്കാലവും ഉപയോഗിക്കാം. ജോലിയില്ലാത്ത ദിവസം മറ്റാര്‍ക്കെങ്കിലും വാടക കൊടുക്കുകയുമാകാം. ഇങ്ങനെ ചെയ്താല്‍ എന്തൊരു ലാഭമായിക്കും...''
''പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ഞാന്‍ വലിയ തുക കൊടുത്ത് മണ്‍വെട്ടി വാങ്ങണ്ടേ..?''-കര്‍ഷകന്‍
''അതൊരു പ്രശ്‌നമാണോ? നിങ്ങള്‍ ആലോചിച്ചുനോക്കൂ, വിലയ്ക്കു വാങ്ങുകയാണെങ്കില്‍ ഒരു ദിവസം വാങ്ങിയാല്‍ മതി. എല്ലാ ദിവസവും വേണ്ട. വാടക വാങ്ങുകയാണെങ്കില്‍ ഒരു ദിവസം മാത്രം മതിയാവില്ല; എല്ലാ ദിവസവും വാങ്ങണം..അപ്പോള്‍ ഏതാ ലാഭം?''
സ്രോതസിനോളം വരില്ലല്ലോ സ്രോതസില്‍നിന്നൊഴുകുന്നത്. ഒരു കുപ്പി വെള്ളം സ്വന്തമാക്കാന്‍ കിട്ടുക എന്നതിനെക്കാള്‍ പ്രധാനമാണ് ജലസ്രോതസ് സ്വന്തമായിക്കിട്ടുകയെന്നത്. ഒരു കിണര്‍ സ്വന്തമായി ഉണ്ടാകുന്നതിനെക്കാള്‍ വരില്ല ഒരു വാട്ടര്‍ ടാങ്ക് മാത്രം സ്വന്തമായി ഉണ്ടാകുന്നത്. പണം കൈയ്യിലുണ്ടാവുക എന്നത് നല്ല കാര്യം തന്നെ. എന്നാല്‍ അതിനെക്കാള്‍ വലുതാണ് പണമുണ്ടാക്കുന്ന ആയുധം കൈയിലുണ്ടാവുകയെന്നത്. പ്രകാശം മാത്രമേ കൂട്ടിനുള്ളൂവെങ്കില്‍ കെട്ടുകഴിഞ്ഞാല്‍ കുടുങ്ങിപ്പോകും. കെട്ടുപോയ പ്രകാശം പിന്നെ തിരിച്ചുകിട്ടില്ല. നേരെമറിച്ച്, പ്രകാശസ്രോതസ് കൂടി കൈയ്യിലുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കത്തിക്കാം. എവിടേക്കും കൂടെ കൊണ്ടുനടക്കുകയുമാകാം. എന്തു പറഞ്ഞാലും മുതലിനെക്കാള്‍ വലുത് മുതലാളിതന്നെയാണല്ലോ.
ഒരാളുടെ ഉടമസ്ഥതയിലിപ്പോള്‍ ആകെയുള്ളത് ആയിരം രൂപയാണെന്നു കരുതുക. പക്ഷേ, മാസാമാസം 10 ലക്ഷം രൂപവരെ സമ്പാദിക്കാനുള്ള വിദ്യ അയാള്‍ക്കറിയാം. ഇനി വേറൊരാള്‍, അയാള്‍ക്ക് ഇപ്പോള്‍ മൂലധനമായി 50 ലക്ഷം രൂപയുണ്ട്. പിതാവില്‍നിന്നോ മറ്റോ അനന്തരമായി കിട്ടിയതാണത്. പക്ഷേ, പത്തുരൂപ പോലും സമ്പാദിക്കാനയാള്‍ക്കറിയില്ല.
ഇതില്‍ ആരാണ് ശരിക്കും മുതലാളി? ഒന്നാമനോ രണ്ടാമനോ? മൂലധനം ആയിരം രൂപ മാത്രമുള്ള ആള്‍ക്ക് പണം തീര്‍ന്നുപോകുന്നതില്‍ ബേജാറുണ്ടാകില്ല. കാരണം, വീണ്ടും സമ്പാദിച്ചെടുക്കാന്‍ അയാള്‍ക്കറിയും. സമ്പാദിക്കുകയും ചെയ്യും. നേരെ മറിച്ച്, 50 ലക്ഷമുള്ള ആള്‍ക്ക് ഓരോ പൈസ ചെലവാക്കുമ്പോഴും ബേജാറായിരിക്കും. കാരണം, 50 ലക്ഷം തീര്‍ന്നുപോകാന്‍ ഒരു വര്‍ഷത്തിന്റെ പോലും ആവശ്യമില്ലല്ലോ. തീര്‍ന്നാല്‍ കൊടിയ ദാരിദ്ര്യത്തിലായിരിക്കും പിന്നീടുള്ള ജീവിതം. അതുകൊണ്ടാണ് ഉറവെടുക്കുന്ന വസ്തുവിനെക്കാള്‍ ഉറവയാണു പ്രധാനം എന്നു പറയുന്നത്. ഉറവയില്‍നിന്നു വരുന്നത് തീര്‍ന്നുപോകും. ഉറവ തീരില്ല.
ഉറവയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ബുദ്ധിശാലികളില്‍നിന്നുണ്ടാകേണ്ടത്. അവരാണ് മുതലാളിമാരായി മാറുക. ഉറവയില്‍നിന്നു വരുന്നതിനെ സ്വന്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ സാധാരണക്കാരാണ്. അവരെന്നും തൊഴിലാളികളാ യേ ജീവിക്കൂ. ഹര്‍ത്താല്‍ ദിവസം അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരും. എന്നാല്‍ മുതലാളിമാര്‍ ഹര്‍ത്താല്‍ ദിനവും അല്ലാത്ത ദിനവും ഒരുപോലെ ആസ്വദിക്കും. കാരണം, ഉറവ കൂടെയുണ്ടല്ലോ അവര്‍ക്ക്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉറവകള്‍ ദാനം ചെയ്യുന്നതാണ് കൂടുതല്‍ പുണ്യാര്‍ഹവും പ്രശംസനീയവുമാകുക. പണം ഉറവയല്ല. ഉറവയില്‍നിന്നുറവെടുക്കുന്ന ജലം മാത്രമാണ്. അതു കൂടുതല്‍ കാലം നിലനില്‍ക്കില്ല. ഉപയോഗിച്ചു തീര്‍ന്നാല്‍ വീണ്ടും ദാരിദ്ര്യത്തിലേക്കുതന്നെ മടങ്ങേണ്ടി വരും. പണം എത്തിച്ചുകൊടുക്കുന്നതിനു പകരം പണമുണ്ടാക്കാവുന്ന വിദ്യയോ തൊഴിലോ പഠിപ്പിച്ചുകൊടുത്താല്‍ ജീവിതകാലം മുഴുവന്‍ അതു മതിയാകും. എന്നും പത്തുരൂപ ഒരാള്‍ക്ക് കൊണ്ടുപോയി കൊടുക്കുന്നതിനെക്കാള്‍ ഭേദം ഒരു ദിവസം നൂറു രൂപ ഉണ്ടാക്കാവുന്ന തൊഴില്‍ പഠിപ്പിച്ചുകൊടുക്കുന്നതാണ്. പഠിപ്പിച്ചുകൊടുക്കാന്‍ അല്‍പം കഷ്ടപ്പെടേണ്ടി വന്നാലും പഠിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ കഷ്ടപ്പാട് തീരും.
ശൈഖ് ശീറാസി തന്റെ ഗുലിസ്ഥാനില്‍ പറഞ്ഞ ഒരു സംഭവമുണ്ട്:
ഒരു തത്വജ്ഞാനി കുട്ടികള്‍ക്ക് ഉപദേശം കൊടുത്തുകൊണ്ടിരിക്കുകയാണ്: ''അല്ലയോ, നിങ്ങളുടെ പിതാക്കളുടെ ഓമനകളേ...നിങ്ങള്‍ വിദ്യയഭ്യസിക്കുക. ഐഹികലോകത്തെ സമ്പത്തിനെയും അധികാരത്തെയും ആശ്രയിക്കാന്‍ കൊള്ളില്ല. സ്വര്‍ണവും വെള്ളിയും അപകടങ്ങള്‍ക്കു വിധേയവുമാണ്. ഒന്നുകില്‍ അവയെ കള്ളന്‍ കൊണ്ടുപോകും. അല്ലെങ്കില്‍ ഉടമ തന്നെ അവയെ തിന്നുതീര്‍ക്കും. എന്നാല്‍ വിദ്യ ജീവത്തായ ഉറവയും സ്ഥായിയായ സമ്പത്തുമാണ്. ഒരു അഭ്യസ്ഥവിദ്യന്റെ ധനം നഷ്ടപ്പെടാമെങ്കിലും ബേജാറാകാനില്ല. കാരണം വിദ്യ തന്നെ സ്വയം ഒരു ധനമാണ്. എവിടെ പോയാലും അയാള്‍ക്ക് ആദരവും ഉന്നത സ്ഥാനവും കിട്ടും. അതേസമയം വിദ്യാഭ്യാസമില്ലാത്തവന് എച്ചില്‍ പെറുക്കി നടക്കുകയും കാഠിന്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും.
സഖ്ത് അസ്ത് പസ് അസ് ജാഹ് തഹക്കും ബുര്‍ദന്‍
ഖൂ കര്‍ദ ബെനാസ് ജൗറെ മര്‍ദം ബുര്‍ദന്‍
(കിട്ടിയിരുന്ന സമുന്നത സ്ഥാനം നഷ്ടമായ ശേഷം നിയമനടപടികള്‍ക്ക് അനുസരണ കാട്ടേണ്ടി വരികയെന്നതും സുഖഭോഗജീവിതം ശീലിച്ച ശേഷം ആളുകളുടെ ഭാഗത്തുനിന്ന് അക്രമം സഹിക്കേണ്ടി വരികയെന്നതും പ്രയാസകരം തന്നെ.)
വഖ്‌തേ ഉഫ്താദ് ഫിത്‌ന ദര്‍ ശാം
ഹര്‍ കസ് അസ് ഗോശയെ ഫിറാ റഫ്തന്ത്
റോസ്താ സാദ്ഗാനെ ദാനിശ്മന്ത്
ബെ വസീറയെ പാദ്ശാ റഫ്തന്ത്
പിസറാനെ വസീറെ നാഖിസ്വെ അഖ്ല്‍
ബെ ഗദായീ ബെ റോസ്താ റഫ്തന്ത്
(ഒരിക്കല്‍ ശാമില്‍ ഫിത്‌ന പൊട്ടിപ്പുറപ്പെട്ടു. എല്ലാവരും എല്ലാ മുക്കുമൂലകളില്‍നിന്നും ഓടി മറഞ്ഞു. കര്‍ഷകരുടെ ബുദ്ധിയുള്ള മക്കള്‍ രാജാക്കന്മാരുടെ മന്ത്രിസഭയിലെത്തി. മന്ത്രിയുടെ ബുദ്ധി കുറഞ്ഞ മക്കള്‍ യാചിച്ചുകൊണ്ടു കര്‍ഷകരുടെ അടുക്കലുമെത്തി.'')
പണം തീര്‍ന്നാല്‍ തീര്‍ന്നതുതന്നെ. എന്നാല്‍, വിദ്യയുണ്ടെങ്കില്‍ തീര്‍ന്ന പണം വീണ്ടും കൊയ്‌തെടുക്കാം. പണം അതു തീരുന്നതുവരെ നമ്മുടെ കൂടെയുണ്ടാകും. വിദ്യ മരിക്കുന്നതു വരെ കൂടെയിരിക്കും. പണം വിദ്യയുടെ ഉറവയല്ല.
വിദ്യ പണത്തിന്റെ ഉറവയാണ്. ഉറവ കൈവശമുള്ളവന് എവിടെയും സീറ്റ് കിട്ടും. ഏതു ദുരന്തങ്ങളിലും അയാള്‍ക്ക് കൂട്ടിനുണ്ടാകും. അതിനാല്‍ വാട്ടര്‍ ടാങ്കിന്റെ കൈവശക്കാരാകുന്നതിനുപകരം കിണറിന്റെ കൈവശക്കാരായി മാറുക. ഉത്ഭവിക്കുന്നതില്‍ കണ്ണു വയ്ക്കുന്നതിനു പകരം ഉത്ഭവത്തില്‍ ശ്രദ്ധ ചൊലുത്തുക. ഉറവുജലം സ്വന്തമാക്കാന്‍ ഉപയോഗിക്കുന്ന പണം കൊണ്ട് ഉറവ സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ രക്ഷയും സുരക്ഷയും കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."