വധശ്രമത്തിനു പിന്നില്‍ ഇറാനെന്ന് സഊദി പണ്ഡിതന്
ജിദ്ദ: തനിക്കെതിരേയുള്ള വധശ്രമത്തിനുപിന്നില്‍ ഇറാനെന്ന് പ്രമുഖ സഊദി മതപണ്ഡിതന് ശൈഖ് ആഇദ് അല്‍ഖര്‍നി. ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന വിവരം ഫിലിപ്പൈന്‍സിലെ സഊദി അംബാസഡര്‍ അബ്ദുല്ല അല്ബുസൈരിയാണ് തന്നെ അറിയിച്ചതെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട വിഡിയോ ക്ലിപ്പില്‍ ശൈഖ് സൂചിപ്പിച്ചു. മുസ്ലിംകളെയും ഹജ്ജ് തീര്‍ഥാടകരെയും ഇറാന് ഉന്നംവയ്ക്കുകയാണെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.
ഫിലിപ്പൈന്‍സിലെ സംബോര്ഗ നഗരത്തില്‍ വച്ച് ഈ വര്‍ഷം ആദ്യമാണ് ശൈഖ് അല്‍ഖര്‍നിക്ക് വെടിയേറ്റത്. വലതു തോളിനായിരുന്നു പരുക്ക്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഊദി എംബസി ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു.
അതിനിടെ, വെടിവച്ച റോജസാന് മിസുവരി എന്നയാള്‍ വെസ്റ്റേണ്‍ മിന്‍ഡനാവോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണെന്നും അദ്ദേഹം ഇടയ്ക്കിടെ ഫിലിപ്പൈന്‍സിലെ ഇറാനിയന്‍ സെന്റര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഇറാന് നഗരമായ ഖൂമില്‍ പഠിക്കുന്നതിന് വിസ നേടിയിരുന്നതായും ഫിലിപ്പൈന്‍സിലെ ഇറാനികള്‍ രൂപംകൊടുത്ത പുതിയ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."