സിറിയന്‍ സൈന്യത്തിനു നേരെ യു.എസ് ആക്രമണം: 63 മരണം
ന്യൂയോര്‍ക്ക് മോസ്‌കോ: സിറിയയില്‍ യു.എസും റഷ്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ റഷ്യയെ ചൊടിപ്പിച്ച് സിറിയന്‍ സൈനിക വ്യൂഹത്തിനു നേരെ യു.എസ് വ്യോമാക്രമണം. സിറിയന്‍ സൈന്യത്തിനു നേരെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ 63 സൈനികര്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ചയാണ് യു.എസ് സഖ്യസേന സിറിയന്‍ സൈന്യത്തെ ലക്ഷ്യംവച്ചത്. ഇതോടെ കടുത്ത പ്രതിഷേധവുമായി റഷ്യ രംഗത്തുവന്നു. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്കനുസരിച്ച് മരണസംഖ്യ 83 ആണ്. യു.എന്‍ രക്ഷാകൗണ്‍സില്‍ മധ്യസ്ഥതയിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ യു.എസ് ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യ രംഗത്തെത്തി.
സിറിയയില്‍ അഞ്ചുവര്‍ഷത്തിനിടെ ജനങ്ങളെ കൊന്നൊടുക്കുന്ന സൈന്യത്തിനു നേരെ വിദേശ സൈന്യം നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. കിഴക്കന്‍ സിറിയയിലെ ദീര്‍ അസ്സൂറിലാണ് ആക്രമണം നടത്തിയത്. ഐ.എസിനു നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും സിറിയന്‍ സൈന്യത്തെ ലക്ഷ്യംവച്ചില്ലെന്നും യു.എസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി യു.എന്നിലെ യു.എസ് സ്ഥാനപതി സാമന്ത പവര്‍ പറഞ്ഞു. സിറിയന്‍ സൈനികവ്യൂഹത്തിനു നേരെയാണ് ആക്രമണം നടന്നതെന്ന് റഷ്യ ആരോപിച്ചു.
റഷ്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സംഭവത്തില്‍ അടിയന്തര യു.എന്‍ രക്ഷാസമിതി ചേര്‍ന്നു. രക്ഷാസമിതി വിളിച്ചുചേര്‍ത്ത റഷ്യയുടെ നടപടിയെ വിമര്‍ശിച്ചാണ് സാമന്ത പവര്‍ സംസാരിച്ചത്. സിറിയയില്‍ സമാധാനത്തിനുള്ള സമ്മര്‍ദം ചെലുത്തുകയാണ് റഷ്യ ചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു.
റഷ്യ വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സാമന്ത കുറ്റപ്പെടുത്തി. യു.എസ് വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് യു.എന്നിലെ റഷ്യന്‍ സ്ഥാനപതി വിറ്റാലി ചുര്‍കിന്‍ പറഞ്ഞു. സിറിയയിലെ ബശര്‍ അല്‍ അസദ് ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴും യു.എസ് ബശറിന്റെ സൈന്യത്തെ ലക്ഷ്യംവച്ചിരുന്നില്ല.
62 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 100 ലേറെ പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റഷ്യ പറയുന്നത്. ഇറാഖില്‍ നിന്ന് സിറിയയിലെത്തിയ രണ്ട് എഫ്-16 വിമാനങ്ങളും രണ്ട് എ-10 വിമാനങ്ങളുമാണ് ആക്രമണം നടത്തിയത്. അതേസമയം, യു.എസ് സൈന്യം ആക്രമണം സ്ഥിരീകരിച്ചു. ടാങ്കുകള്‍ ഉള്‍പ്പെടെ ആറിലേറെ വാഹനങ്ങളാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."