കെ.എം.എ ലത്വീഫ് ഹാജി; സാമൂഹ്യ സേവനത്തിന്റെ ജീവല്‍ പ്രതീകം
സാമൂഹ്യ സേവനത്തിന്റെ ജീവല്‍ പ്രതീകമായിരുന്ന കെ.എം.എ ലത്വീഫ് ഹാജി വിടവാങ്ങിയതു പ്രവാസി സമൂഹത്തിനു താങ്ങാനാവാത്ത ആഘാതമാണ്. മക്കയില്‍ എസ്.വൈ.എസിനും കെ.എം.സി.സിക്കും അടിത്തറ പാകുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.
സമുദായ നായകന്മാരും സാധാരണക്കാരും എത്തിച്ചേരുന്ന പുണ്യ നഗരിയാണു മക്ക. ഹജ്ജിനും ഉംറയ്ക്കും എത്തിച്ചേരുന്ന സാധരണക്കാര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ സഹായം നല്‍കാന്‍ ലത്വീഫ് ഹാജി സദാസന്നദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യവും സേവനവും അനുഭവിക്കാത്ത മുസ്‌ലിം നേതാക്കള്‍ അപൂര്‍വമായിരിക്കും. പാണക്കാട് കുടുംബത്തില്‍ നിന്നോ സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും നേതൃനിരയില്‍ നിന്നുള്ളവരാരെങ്കിലും ഹജ്ജിനോ ഉംറക്കോ മക്കയില്‍ എത്തിയാല്‍ അവര്‍ മടങ്ങുന്നതുവരെ അദ്ദേഹം അവര്‍ക്കൊപ്പമുണ്ടാകും.
ഹജ്ജിനെത്തുന്ന സാധാരണക്കാരായ ഹാജിമാര്‍ക്ക് സന്നദ്ധ സംഘം വളണ്ടിയര്‍മാര്‍ സജീവമല്ലാത്ത കാലം മുതല്‍ തന്നെ ലത്വീഫ് ഹാജിയും സഹപ്രവര്‍ത്തകരും മാത്രമായിരുന്നു തണല്‍. ഹറം വികസനത്തില്‍ പൊളിക്കപ്പെട്ട ഗ്രീന്‍ ഹൗസ് എന്ന കെട്ടിടം ലത്വീഫ് ഹാജിയുടെയും സഹപ്രവര്‍ത്തകരുടെയും ആദ്യകാല ആസ്ഥാനമായിരുന്നു. പഴയ കാല നേതാക്കളില്‍ പ്രമുഖരെല്ലാം ഈ ഗ്രീന്‍ ഹൗസിന്റെ തണല്‍ അനുഭവിച്ചവരാണ്. മഖ്ദൂം കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് അറബി ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. നന്നായി കിതാബ് കൈകാര്യം ചെയ്തിരുന്ന പണ്ഡിതന്‍ കൂടിയായിരുന്നു. 1977 മുതല്‍ പ്രവാസജീവിതം ആരംഭിച്ച അദ്ദേഹം പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ എല്ലാ കാര്യങ്ങളിലും സാധാരണക്കാര്‍ക്ക് അത്താണിയായിരുന്നു. പ്രവാസ ലോകത്ത് അത്യാവശ്യമായി വരുന്ന തൊഴില്‍ നിയമങ്ങളെക്കുറിച്ചും ഇഖാമ പോലെ അനുബന്ധമായ സഊദിയിലെ നിയമ സംവിധാനങ്ങളെക്കുറിച്ചും കൃത്യമായ അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. വളാഞ്ചേരി മര്‍കസ് പ്രിന്‍സിപ്പല്‍ ആദൃശേരി ഹകീം ഫൈസി ഇദ്ദേഹത്തിന്റെ സതീര്‍ഥ്യനാണ്. എസ്.വൈ.എസ് സഊദി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, മക്ക എസ്.വൈ.എസ് പ്രസിഡന്റ്, മക്ക കെ.എം.സി.സി വൈസ് പ്രസിഡന്റ്, പൂക്കോട്ടൂര്‍ ഖിലാഫത്ത് യതീംഖാന മക്ക കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചത്. സേവനം തപസ്യയാക്കിയ ലത്വീഫ് ഹാജിയുടെ വിയോഗം മക്കാ പ്രവാസി സംഘടനകളെ ദു:ഖത്തിലാഴ്ത്തി. മക്കയില്‍ നിന്നും ഈ കുറിപ്പെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ സേവനം ആസ്വദിച്ച നിരവധി പേര്‍ ഈറനണിഞ്ഞ കണ്ണുമായി ഹറമില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസുകളുമായിഒത്തു കൂടിയ കാഴ്ച ലത്വീഫ് ഹാജിയുടെ സ്മരണയെ അനശ്വരമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."