തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി; നന്നാക്കാന്‍ നടപടിയില്ല
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. പഞ്ചായത്തിലെ പത്തനാപുരം പള്ളിപ്പടി, തെരട്ടമ്മല്‍ എന്നിവിടങ്ങളിലെ മിനി, ഹൈമാസ്സ് ലൈറ്റുകളാണ് മാസങ്ങളായി നോക്കുക്കുത്തിയായി കിടക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് പി.കെ ബഷീര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണു ലക്ഷങ്ങള്‍ മുടക്കി ലൈറ്റുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പെ ആര്‍ക്കും ഉപകാരമില്ലാത്ത രൂപത്തില്‍ പത്തനാപുരത്തേയും തെരട്ടമ്മലിലേയും വിളക്കുകള്‍ വഴി മുടക്കി. ലൈറ്റുകള്‍ സ്ഥാപിച്ച് നിശ്ചിത കാലം കരാറുകാരും പിന്നീട് പഞ്ചായത്ത് ഭരണ സമിതിക്ക് കീഴിലുമാണു അറ്റക്കുറ്റപ്പണി നടത്തേണ്ടത്. കരാറുകാരുടെ സമയം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ലൈറ്റുകള്‍ കേട് വന്നിട്ടുണ്ടെന്നാണു പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. കേടുവന്ന ലൈറ്റുകള്‍ നന്നാക്കുന്ന ചെലവ് വഹിക്കാന്‍ പഞ്ചായത്തിനാവില്ല.
എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിനു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു.
ലൈറ്റുകള്‍ പ്രകാശിക്കാന്‍ തുടങ്ങിയാല്‍ പ്രതിമാസം ആയിരം രൂപക്ക് മുകളില്‍ വൈദ്യുതി ചാര്‍ജ്ജ് അടക്കണം എന്നതാണു ലൈറ്റുകളുടെ കാര്യത്തില്‍ നിസംഗ ഭാവം തുടരാന്‍ പഞ്ചായത്ത് അധികൃതരെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."