സ്‌കൂള്‍ മുറ്റം മുളങ്കാടാക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
അരീക്കോട്: വൈവിധ്യങ്ങളേറിയ വിവിധയിനം മുളകളുടെ തോട്ടമൊരുക്കി മാതൃകയാവുകയാണ് ഒരു പറ്റം വിദ്യാര്‍ഥികള്‍. അരീക്കോട് മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിനു കീഴിലാണു വിദ്യാര്‍ഥികള്‍ മുളത്തോട്ടം ഒരുക്കിയിട്ടുള്ളത്.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണു സ്‌കൂളില്‍ മുളകള്‍ വെച്ചു പിടിപ്പിച്ചു തുടങ്ങിയത്. മുളന്തണ്ടുകള്‍ മഷിയില്‍ മുക്കി എഴുത്തു തുടങ്ങിയ കാലത്തുനിന്നു പേനയിലേക്ക് വഴിമാറിയപ്പോള്‍ പഴയ തൂലിക ചാര്‍ത്തുകളെ അനുസ്മരിക്കുക കൂടിയാണു മുളകൃഷിയിലൂടെ വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. പത്തോളം ഇനം മുളകളാണു വിദ്യാര്‍ഥികള്‍ വെച്ചു പിടിപ്പിച്ചത്. കല്ലന്‍ മുള, ഓട മുള, ഈറ, വുഡ് ബാമ്പു, മഞ്ഞ മുള, വരയന്‍ മുള എന്നിങ്ങനെ വിവിധയിനം മുളകളാണു വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നട്ടത്.
മണ്ണൊലിപ്പിനെ തടയാന്‍ മുന്‍ കാലങ്ങളില്‍ മുളകള്‍ നട്ടു പിടിപ്പിക്കല്‍ പതിവായിരുന്നെങ്കിലും കാലക്രമേണ പ്രകൃതിയില്‍ നിന്നു മുളകള്‍ നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ സ്‌കൂളിലെ മുള കൃഷിക്കു പുറമെ ചാലിയാര്‍ നദി തീരത്തും മുളകള്‍ വെച്ചു പിടിപ്പിച്ചു തണല്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണു പ്രോഗ്രാം ഓഫിസര്‍ കൃഷ്ണനുണ്ണിയുടെ നേതൃത്വത്തിലുള്ള എന്‍ എസ് എസ് വളണ്ടിയര്‍മാര്‍. ഒരു മുളയുടെ വേരുകള്‍ രണ്ടര സെന്റ് ഭൂമിയില്‍ വരെ പടര്‍ന്നു പിടിക്കുമ്പോള്‍ മണ്ണൊലിപ്പിനെ തടയാന്‍ വലിയ സഹായിയായി മുള മാറും. എന്നാല്‍ മുളകള്‍ ഭൂമിയില്‍ നിന്നു കാണാതാവുകയാണെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ മുളകള്‍ ഭക്ഷണമാക്കുന്നതിനു പുറമെ വയനാടന്‍ കാടുകളില്‍ മുളകള്‍ ഉപയോഗിച്ച് ഉപ്പേരി ഉണ്ടാക്കി ഭക്ഷിക്കുന്ന മനുഷ്യരുമുണ്ട്. മുളയരി ഗുണംകൂടുതലുള്ള ഭക്ഷ്യവസ്തുവാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുളകള്‍ ഉപയോഗിച്ചു പാര്‍പ്പിടമൊരുക്കിയിരുന്ന കാലത്ത് ഏറ്റവും ചെലവു കുറഞ്ഞ പാര്‍പ്പിട നിര്‍മാണമായിരുന്നു നിലനിന്നിരുന്നത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ മുള ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ മുള സംരക്ഷണ പ്രതിജ്ഞയെടുത്തു. മുളകള്‍ കൊണ്ടുള്ള വിവിധയിനം ഉപകരണങ്ങളെ പരിചയപ്പെടുത്തി കൊണ്ട് ശില്‍പശാലയും സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട് ക്ലാസെടുത്തു. എന്‍ എസ് എസ് വളണ്ടിയര്‍മാരായ മുഹമ്മദ് സബീല്‍, മുഹമ്മദ് സലീല്‍, മുഹമ്മദ് അല്‍ത്താഫ്, നൗറിന്‍, ശില്‍പ, സ്‌നേഹ, അര്‍ച്ചന എന്നിവര്‍ മുള ദിനാചരണ പരിപാടിക്ക് നേതൃത്വം നല്‍കി.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."