കള്ളന്മാരെ സൂക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി പൊലിസ്
കാളികാവ്: മലയോര മേഖലയില്‍ പിടിച്ചുപറിയും മോഷണവും വ്യാപകമായതിനെത്തുടര്‍ന്നു നിര്‍ദേശങ്ങളുമായി പൊലിസ്. നാലു മാസത്തിനുള്ളില്‍ നിരവധി മോഷണ കേസുകളാണു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബൈക്കിലെത്തുന്ന സംഘങ്ങള്‍ മാല കവരുന്ന കേസുകളും വര്‍ധിച്ചിരുന്നു.
വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും രാത്രിസമയങ്ങളില്‍ പുറത്തു ലൈറ്റ് ഓണ്‍ ചെയ്യുക, വീടുകളുടെ ജനവാതിലുകള്‍ തുറന്നിടാതിരിക്കുക, വീട്ടുമുറ്റത്തു മഴു, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങള്‍ വെക്കാതിരിക്കുക, അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനവാതില്‍ വഴി കാര്യമന്വേഷിക്കുക.
വില്‍പന സാധനങ്ങളുമായി വരുന്ന അപരിചിതരെ പരമാവധി ഒഴിവാക്കുക, തൊട്ടടുത്ത വീട്ടിലെ ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തിരിക്കുക, സാധിക്കുമെങ്കില്‍ വീട്ടില്‍ എല്ലാവര്‍ക്കും കാണുന്ന സ്ഥലത്ത് അയല്‍ വീടുകളിലെ നമ്പര്‍, പൊലിസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ നമ്പറുകള്‍ എഴുതി വെക്കുക.
രാത്രി സമയങ്ങളില്‍ പുറത്ത് ടാപ്പ് തുറന്നു വെള്ളം പാഴാകുന്നുണ്ടെങ്കില്‍ ടാപ്പ് പൂട്ടാനായി പുറത്തിറങ്ങാതിരിക്കുക, തൊട്ടടുത്ത് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക, വാടക കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുവെങ്കില്‍ അവരുടെ വ്യക്തമായ അഡ്രസ്സ്, ഫോട്ടോ സഹിതം മുന്‍കൂറായി വാങ്ങുക, വിവരം അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണു പൊലിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."