നെയ്യാര്‍ ഡാമില്‍ ആകാശ ഊഞ്ഞാല് കറങ്ങിയത് സുരക്ഷാ വാതിലുകളില്ലാതെ !
കാട്ടാക്കട: ഓണം വാരാഘോഷത്തോടനുബന്ധിച്ചു നെയ്യാര്‍ ഡാമില്‍ ആകാശ ഊഞ്ഞാല് പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം.
സുരക്ഷാ വാതിലുകളില്ലാതെയായിരുന്നു ഊഞ്ഞാല് ആളുകളെ വട്ടം കറക്കിയത്. കൊല്ലംകോട് രാജ്കമല് അമ്യൂസ്മെന്റ്സ് എന്ന സ്വകാര്യ സ്ഥാപനമാണ് ഇവിടെ റൈഡുകള്‍ സ്ഥാപിച്ചത്.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് 12 മുതല്‍ 17വരെ പ്രവര്‍ത്തനാനുമതി നല്‍കിയെങ്കിലും പിന്നീട് സുരക്ഷിതമല്ലെന്ന് കണ്ടതിനാല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നു കാണിച്ചു 12 ന് തന്നെ നെയ്യാര്‍ ഡാം എസ്ഐ കിരണ്‍ കരാറുകാരന് നോട്ടീസ് നല്‍കിയിരുന്നു.ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കേറ്റു വാങ്ങി മാത്രമേ പ്രവര്‍ത്തിക്കാവു
എന്ന് പൊലിസ് നിര്‍ദേശം ന
ല്കി.
എന്നാല്‍ അന്നു തന്നെ കരാറുകാരന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. യാതൊരു പരിശോധനകളുമില്ലാതെ ഫയര്‍ഫോഴ്സ് എങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്കി എന്നത് ദുരൂഹമാണ്.
ഇതോടെ സുരക്ഷാ വാതിലുകളില്ലാത്ത ആകാശ യന്ത്ര ഊഞ്ഞാലില്‍ (ജയിന്റ് വീല്‍) കുട്ടികളെയും മുതിര്‍ന്നവരെയും കുത്തിനിറച്ച് കറക്കം തുടങ്ങി. പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്കിയ പതിനേഴിനു ശേഷം ഇന്നലെയും ഊഞ്ഞാല് പ്രവര്‍ത്തിച്ചു. ഇതിനും അധികൃതര്‍ ഒത്താശ ചെയ്തുവെന്നാണ് വിവരം.
പത്തനംതിട്ടയില്‍ രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതും ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആകാശ കറക്കം നടത്തിയ ഊഞ്ഞാലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."