കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയവരില്‍ കുട്ടികള്‍ മുതല്‍ മധ്യവയസ്‌ക വരെ
മണലൂര്‍: കുട്ടികള്‍ മുതല്‍ മധ്യവയസ്‌ക വരെയുള്ള വനിതകള്‍ തങ്ങളുടെ അഴകാര്‍ന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് പകുത്തു നല്‍കി മാതൃകയായി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ ഒരധ്യായത്തിന് തുടക്കമിടുകയായിരുന്നു ഇതിലൂടെ അവര്‍. അരിമ്പൂര്‍ എറവ് കപ്പല്‍ പള്ളിയിലാണ് അന്‍പത് വനിതകള്‍ ഒന്നിച്ച് ഒരേ വേദിയില്‍ മുടി മുറിച്ചു ദാനം ചെയ്യുന്ന അത്യപൂര്‍വ സംഭവം അരങ്ങേറിയത്.
ഒരിഞ്ച് മുടി മുറിച്ചു മാറ്റുന്നതു തന്നെ ഇന്ന് സ്ത്രീകള്‍ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നിരിക്കെയാണ് അരിമ്പൂര്‍ ഇടവകയിലെ സ്ത്രീകള്‍ 12 ഇഞ്ച് നീളത്തില്‍ കേശദാനം നടത്തിയത്. പെണ്‍ മനസ്സിന്റെ അനുകമ്പയുടേയും ത്യാഗസന്നദ്ധതയുടേയും ആഴം കൊണ്ട് മാത്രമാണ് അവര്‍ ഇതിനു തയാറായത്. അരിമ്പൂര്‍ ചാലിശ്ശേരി ഇയ്യുണ്ണിയുടെ മകളും സെന്റ് തെരേസസ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ 10 വയസ്സുകാരി റൂത്ത്‌റോസും 53കാരിയായ റോസി ലോനപ്പനുമാണ് ആദ്യമായി മുടി പകുത്ത് നല്‍കിയത്.
12 ഇഞ്ച് നീളത്തില്‍ മുറിച്ചെടുത്ത മുടി അമല ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ: ജെയ്‌സന്‍ മുണ്ടന്‍മാണി ഏറ്റുവാങ്ങി. അരിമ്പൂര്‍ എറവ് സെന്റ് തെരാസസ് കപ്പല്‍ പള്ളി രജത ജൂബിലി കമ്മിറ്റി സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയുടെ ഉദ്ഘാടനം മുടി ഏറ്റുവാങ്ങി ഫാ.ജെയ്‌സണ്‍ മുണ്ടന്‍മാണി നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജിയോ മോന്‍ കല്ലേരി അധ്യക്ഷനായി. പള്ളി വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട്, ട്രസ്റ്റി ജെയ്‌സണ്‍ കുന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പെണ്ണഴകിന്റെ പ്രതീകമായ അഴകാര്‍ന്ന കാര്‍കൂന്തല്‍ കാന്‍സര്‍ രോഗികള്‍ക്ക് പകുത്തു നല്‍കിയ 50 പേരില്‍ ഏറെയും കൗമാരപ്രായക്കാരും യുവതികളും ആയിരുന്നു. മുറിച്ചെടുത്ത മുടി കൊണ്ട് വിഗ്ഗ് നിര്‍മിച്ച് നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."