ഇ- ടോയ്‌ലറ്റ് ചതിച്ചു; യുവാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍
മൂവാറ്റുപുഴ: നഗരമധ്യത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഇ- ടോയ്‌ലറ്റില്‍ യുവാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാമമംഗലം കീഴ്മുറി തേവര്‍കാട്ടില്‍ യദുരാജാണ് ഈ ദുരവസ്ഥയക്കിരയായത്. ഒടുവില്‍ അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.
മൂവാറ്റുപുഴ ടൗണ്‍ ഹാളിനു സമീപമുള്ള ഇ ടോയ്‌ലറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നു യദുരാജിനു അറിയില്ലായിരുന്നു. അകത്തു കടന്നപ്പോഴാണ് ഇതു പ്രവര്‍ത്തിക്കുന്നില്ലെന്നു മനസ്സിലായത്. തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതില്‍ കിടന്ന് ഒച്ചവച്ചപ്പോഴും പുറത്തുള്ളവര്‍ അറിഞ്ഞില്ല. തുടര്‍ന്നു ഇതിന്റെ ചുമരില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. ശബ്ദം ഇവിടെയുണ്ടായിരുന്നവര്‍ പുറത്തു നിന്നു വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും തുറക്കാന്‍ കഴിഞ്ഞില്ല.
ഇതിനോടകം യദുരാജിന്റെ സുഹൃത്തുക്കളും ഇവിടെയെത്തി. എന്നാല്‍ പലരും ശ്രമിച്ചിട്ടും ഇ ടോയ്‌ലറ്റിന്റെ വാതില്‍ തുറക്കാനോ ആളെ പുറത്തിറക്കാനോ സാധിച്ചില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി യദുരാജിനെ പുറത്തെത്തിച്ചത്
4.5 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഇ ടോയ്‌ലറ്റ് നിര്‍മിച്ചത്. തിരുവനന്തുപുരം ഇറാം സൊലുഷന്‍സിനായിരുന്നു ഇ ടോയ്റ്റിന്റെ നിര്‍മാണ ചുമതല.
നഗരത്തില്‍ മൂന്നിടങ്ങളില്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ഇ ടോയ്‌ലറ്റ് നിര്‍മിച്ചത്. നഗരത്തിലെത്തുന്നവര്‍ നിലവില്‍ കച്ചേരിത്താഴത്തുള്ള പഴയപാലത്തിലാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
ഇതിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഇ ടോയ്‌ലറ്റ് നിര്‍മിച്ചത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ മാത്രമാണ് ഇതു പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."