HOME
DETAILS
MAL
മരക്കൂട്ടങ്ങളില്‍ നിന്നു സാബൂന്കായയും അപ്രത്യക്ഷമാകുന്നു
backup
February 22 2016 | 11:02 AM
ചീമേനി: ശരീരത്തിലെ അഴുക്ക് കളയാനും വസ്ത്രങ്ങളലക്കാനും ഉപയോഗിച്ചിരുന്ന സാബൂന് കായ എന്ന ഉറുവഞ്ചി മരങ്ങള്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നു. സമീപകാലത്തുവരെ ധാരാളമായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടിരുന്ന ഈ വൃക്ഷം ഇന്നു പേരിനുപേലുമില്ല. മുന്‍പ് മലയോര പ്രദേശങ്ങളില്‍ ധാരാളമായി ഇത്തരം മരങ്ങളുണ്ടായിരുന്നു. അടുത്ത കാലത്തായി അപ്രത്യക്ഷമായ മരങ്ങളില്‍ പ്രധാനമാണ് ഉറുവഞ്ചി.
സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്ന മരമാണിത്. സംസ്കൃതത്തില്‍ അരിഷ്ട, ഫേനില, രീഠാ, സോമവല്ക എന്നിങ്ങനെയാണ് പേര്. നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പശക്കൊട്ട എന്നായിരുന്നു വിളിച്ചിരുന്നത്.
15മീറ്റര്‍ ഉയരം വരെ വളരുന്ന ഈ മരത്തില്‍ ഒക്ടോബറില്‍ പൂക്കളുണ്ടായി ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ് കായ വിളയുന്നത്. ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനില്‍ ഇതിന്റെ ശാസ്ത്രീയനാമം അര്‍ഥമാക്കുന്നത്. ചിലര്‍ ഇതിനെ സാബൂന്‍കായ എന്നും പറയും. സാബൂന് എന്നത് അറബി പദമാണ്. അറബി ഭാഷയില്‍ സോപ്പിനു സാബൂന് എന്നാണു പറയുക. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ചവക്കായ, പശക്കൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
സാപോണിന്‍ എന്ന ആല്‍കലോയ്ഡ് സാബൂന്കായയില് അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളവുമായി ചേര്‍ന്നാല്‍ പതഞ്ഞുപൊന്തും. സ്വര്‍ണപ്പണിക്കാര്‍ ഇതിന്റെ കായ സ്വര്‍ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാന്‍ ഉപയോഗിച്ചിരുന്നു.
കാളവണ്ടി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുണ്ടാക്കാനാണ് വൃക്ഷത്തിന്റെ തടി ഉപയോഗിക്കുന്നത്. ഒരു തലമുറ കൂടി പിന്നിട്ടാല്‍ ഇത്തരം മരങ്ങളെ കണ്ടാലോ കേട്ടാലോ അറിയുന്നവര്‍ തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."