നഗരമധ്യത്തിലെ കവര്‍ച്ചയ്ക്ക് തുമ്പില്ല; അന്വേഷണം ഊര്‍ജിതമെന്ന് പൊലിസ്
തൊടുപുഴ: നഗര മധ്യത്തില്‍ ദമ്പതികളെ ആക്രമിച്ച് 1.70 ലക്ഷവും അഞ്ചര പവനും കവര്‍ന്ന സംഭവം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. അന്വേഷണം ഊര്‍ജിതമാണെന്ന് പൊലിസ് അവകാശപ്പെടുമ്പോഴും തുടര്‍ച്ചയായ കവര്‍ച്ചകളില്‍ നഗരവാസികള്‍ ഭീതിയിലാണ്.
അന്വേഷണം അയല്‍ ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായി പൊലിസ് പറയുന്നുണ്ട്. പ്രതികളുടെ നീക്കം നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇവര്‍ എവിടെയാണെന്ന് കൃത്യമായ വിവരം ലഭിക്കാത്തത് പൊലിസിനെ കുഴക്കുകയാണ്. ഒഡിഷ, എറണാകുളം, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രമേഷ് ഒഡിഷയിലാണെന്നാണ് പൊലിസിന് ലഭിച്ച വിവരം.
ഇയാള്‍ മുഖ്യ പ്രതിയല്ലെന്നും ഇപ്പോള്‍ പറയുന്നുണ്ട്. അതേസമയം, കസ്റ്റഡിയിലെടുത്ത ജഹാംഗീറിനെ ആക്രമണത്തിനിരയായ ബാലചന്ദ്രനും ഭാര്യ ശ്രീജയും തിരിച്ചറിയാത്തതിനാല്‍ ഇയാള്‍ നിരപരാധിയാണെന്നുകണ്ട് പൊലീസ് കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. ജഹാംഗീറുമായി തെളിവെടുക്കുകയും ദമ്പതികള്‍ക്കുമുന്നില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്‌തെങ്കിലും മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചില്ല.
കവര്‍ച്ച നടന്ന വീടിന് സമീപത്തെ ടൈല്‍ നിര്‍മാണ യൂനിറ്റില്‍ അടുത്തിടെ ജോലിചെയ്ത മറുനാടന്‍ തൊഴിലാളി ചിങ്കു എന്നയാളും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി പൊലിസ് പറയുന്നു. രമേഷിനെയും ചിങ്കുവിനേയും ഉടന്‍ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും അന്വേഷണം പ്രഹസനമാണെന്ന് ആക്ഷേപമുണ്ട്.
നഗരമധ്യത്തില്‍ കവര്‍ച്ച നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും പിടിക്കാനാകത്തത് പൊലിസിന് നാണക്കേടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."