കട്ടപ്പന ഗവ. കോളജിന് നാക്ക് അക്രഡിറ്റേഷന്‍: കരസ്ഥമാക്കിയത് അപൂര്‍വ്വ നേട്ടം
കട്ടപ്പന : ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിലവാരമനുസരിച്ച് ഗ്രേഡ് തിരിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള നാഷണല്‍ അസ്സസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്ക്) ന്റെ എ ഗ്രേഡ് കട്ടപ്പന ഗവ കോളജ് കരസ്ഥമാക്കി. ഹൈറേഞ്ചിലെ ഒരു ഗവ. കോളജ് ഇത് കരസ്ഥമാക്കിയത് അപൂര്‍വ നേട്ടമായി.
1977-ല്‍ പ്രവര്‍ത്തനമാരംഭിച്ച കോളജ് ആദ്യമായിട്ടാണ് ഗ്രഡേഷന് അപേക്ഷ നല്കിയത്. അപേക്ഷ നല്കിയ ആദ്യവര്‍ഷം തന്നെ എ ഗ്രേഡ് നേടാനായത് സംസ്ഥാനത്തിന് തന്നെ മികച്ച നേട്ടമാണ്. മികച്ച ഗ്രേഡിംഗ് ലഭിച്ചതിലൂടെ കോളജിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കൗണ്‍സില്‍ മുഖേന രണ്ട്‌കോടി രൂപയോളം ഗ്രാന്റായി ലഭിക്കും. 2003-ല്‍ അക്കാദമിക് ബ്ലോക്കിനായി ബഹുനില മന്ദിരം നിര്‍മ്മിച്ചു. ആണ്‍കുട്ടികള്‍ക്കായി 2.55 കോടി രൂപയുടെ ഹോസ്റ്റലും 90 ലക്ഷം രൂപയുടെ പുതിയ ബ്ലോക്കും 5 കോടി രൂപയുടെ സയന്‍സ് ബ്ലോക്കും ജീവനക്കാര്‍ക്കായി 2.55 കോടി രൂപയുടെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളും 2.55 കോടി രൂപ മുടക്കി മികച്ച നിലവാരമുള്ള ലൈബ്രറിയും പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിനായി 3.55 കോടി രൂപയും കോളജ് കാമ്പസിലൂടെയുള്ള റോഡുകളുടെ നവീകരണത്തിന് 89 ലക്ഷം രൂപയും ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 1.55 കോടി രൂപയും അനുവദിച്ചത് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ പ്രത്യേക പരിശ്രമ ഫലമായാണ്.
വിദ്യാര്‍ഥികള്‍ക്ക് സിലബസിന് പുറമേ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍സയന്‍സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പരിശീലനം നല്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഹൈറേഞ്ച് മേഖലയിലെ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാനായതും ഉയര്‍ന്ന ഗ്രേഡിങ്ങിന് സഹായകമായി. കോളജിന് സ്വന്തമായി വെബ്‌സൈറ്റ് തയ്യാറാക്കുന്നതിനാവശ്യമായ തുക എം.എല്‍.എ. ഫണ്ടില്‍ നിന്നാണ് അനുവദിച്ചത്. കോളജിലെ അദ്ധ്യാപക മികവും വിദ്യാര്‍ഥികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള നിലവാരവും കൗണ്‍സില്‍ വിലയിരുത്തി. കഴിഞ്ഞ അദ്ധ്യയന വര്‍ഷം സാമ്പത്തിക ശാസ്ത്ര ബിരുദത്തില്‍ നൂറ് ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 98 ശതമാനവും മറ്റ് ബിരുദ വിഷയങ്ങളിലെല്ലാം 90 ശതമാനത്തിലധികം വിജയം നേടി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മികച്ച കോളജുകളിലൊന്നായി മാറി. മറ്റ് കോളജുകളില്‍ നിന്നും വ്യത്യസ്തമായി ഫോക്കല്‍ അക്കാദമിയുടെ സെന്റര്‍ അനുവദിച്ച് ലഭിച്ചതും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ സജ്ജീകരിക്കാനായതും കോളജില്‍ പൈതൃക മ്യൂസിയം ആരംഭിക്കാനായതും മികച്ച ഗ്രേഡിന് സഹായകമായി.
നാക്ക് അക്രഡിറ്റേഷന്‍ നേടിയെടുക്കുവാന്‍ സാധിച്ചതില്‍ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും പി.റ്റി.എ. പ്രതിനിധികളെയും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അഭിനന്ദിച്ചു.
കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.കെ.കെ. സുമ, പ്രൊഫസര്‍മാരായ സോള്‍ജി കെ. തോമസ്, ഡോ.കെ.ഷിജു, ഡോ എസ്. അജയകുമാര്‍, ഡോ.ഒ.സി. അലോഷ്യസ്, റ്റോജി ഡൊമിനിക്, ജോസ്‌ലി സിറിയക്, ബിയാമോള്‍ ജോര്‍ജ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് റ്റി.ബി. രാജു എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രേഡിംഗിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അപേക്ഷ നല്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."