ഉറി ഭീകരാക്രമണം: മൂന്നു സൈനികര്‍ കൂടി മരണപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ആക്രമണത്തില്‍ പരുക്കേറ്റ മൂന്നു സൈനികര്‍ മരിച്ചതോടെയാണ് സംഭവത്തില്‍ മരണപ്പെട്ടവര്‍ 20 ആയത്. ആക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
ശ്രീനഗര്‍മുസഫറാബാദ് ഹൈവേക്കരികിലാണു സൈനികകേന്ദ്രം. സൈനിക ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ള ഓഫിസില്‍ കഴിഞ്ഞദിവസം അതിരാവിലെ 5.30ഓടേയാണ് ആക്രമണം നടന്നത്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറി മേഖലയിലെ കരസേനയുടെ 12ാം ബ്രിഗേഡിന്റെ ആസ്ഥാനത്ത് പ്രവേശിച്ച നാലു ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വധിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ വ്യോമ മാര്‍ഗം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഭീകരരില്‍ നിന്നു നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാരാമള്ളയില്‍ നിന്നുള്ള സൈനിക കമാന്റോകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സൈനിക കേന്ദ്രത്തിലേക്കു പട്ടാളവേഷത്തിലെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ടെന്റിന് തീപിടിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഭൂരിഭാഗം സൈനികരും മരിച്ചത്. പട്ടാളക്കാര്‍ ഷിഫ്റ്റ് മാറുന്നതിന് അല്‍പം മുന്‍പാണ് ആക്രമണമുണ്ടായത്.
ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് ഇന്നലത്തേത്. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന വാദത്തെ എതിര്‍ത്ത് പാക് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."