ഉറിവാലിയെന്ന മരണതാഴ്‌വര..
മരണം പതിയിരിക്കുന്ന ഭൂമികയാണ് ഉറിവാലി. ചൂളമരങ്ങള്‍ നിറഞ്ഞ ഹിമപാതം പെയ്തിറങ്ങുന്ന ഹിമവാന്റെ മടിത്തട്ട്. നാലു പാടും മലനിരകളാല്‍ ചുറ്റപ്പെട്ടു ഝലം നദിയുടെ കൈവഴിയായ ഉറിവാലി നദിയുടെ മടിത്തട്ടിലാണ് ഉറി. മാറിമറിയുന്ന കാലാവസ്ഥയോടും പ്രകൃതിയൊരുക്കുന്ന തിരിച്ചടികളോടും ഒപ്പം ശത്രു തീര്‍ക്കുന്ന ചതിക്കുഴികളോടും പടപൊരുതിയാണ് ഇന്ത്യന്‍ സൈനികര്‍ ഉറി സെക്ടറില്‍ കാവല്‍ നില്‍ക്കുന്നത്. രക്തം കട്ടപിടിക്കുന്ന അതിശൈത്യത്തിലും ചുട്ടുപൊള്ളുന്ന വേനലിലുമാണ് ഉറിയില്‍ സൈനികര്‍ ജാഗ്രത പുലര്‍ത്തുന്നത്. ഉറിവാലിയിലെ ഈ സൈനിക ക്യാംപിന് നേരെയാണ് പാകിസ്താന്റെ കൂലിപ്പടയായ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നിറയൊഴിച്ചത്.
ഉറിവാലിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ എത്രമാത്രം കാഠിന്യം നിറഞ്ഞ പാതകളിലൂടെയാണ് സൈനികര്‍ അതിര്‍ത്തി കാക്കുന്നതെന്ന് തിരിച്ചറിയാനാവൂ. ലീവിന് വരുന്ന പട്ടാളക്കാര്‍ കഥകള്‍ പറയുമ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് നമ്മള്‍ കളിയാക്കാറാണ് പതിവ്. വീരസാഹസിക കഥകള്‍ പറയുന്ന കോമാളി വേഷം കെട്ടിച്ച സൈനികരെ സിനിമകളിലും നാം ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍, കശ്മീരിലെ രാജ്യാതിര്‍ത്തികളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ നാം തിരിച്ചറിയും രാജ്യസ്‌നേഹത്തിന്റെയും പട്ടാളക്കാരുടെയും മഹത്വം. രണ്ടു വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2014 ഫെബ്രുവരി 25ന് ഈ ലേഖകന്‍ ഉറിവാലിയിലേക്ക് യാത്ര നടത്തിയിരുന്നു. ശിശിരത്തിലെ മഞ്ഞിന്‍ പുതപ്പണിഞ്ഞ് സുന്ദരിയായിരുന്നു അന്ന് കശ്മീര്‍. ചിന്നാര്‍ മരങ്ങള്‍ ഇലകൊഴിഞ്ഞിട്ടും തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയ നാമ്പുകള്‍ മുളപൊട്ടാന്‍ വെമ്പിനില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍. കശ്മീര്‍ താഴ്‌വരയ്ക്കു ചുറ്റും ഹിമാലയന്‍ മലനിരകള്‍ വെള്ളി വാരിപ്പുതച്ച് തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു. ഞായറാഴ്ച ഭീകരര്‍ ആക്രമിച്ച 12 റെജിമെന്റിന്റെ ആസ്ഥാനം സന്ദര്‍ശിച്ചതിനൊപ്പം ഉറിവാലിയിലൂടെ ഒരു പകല്‍ മുഴുവന്‍ സഞ്ചരിച്ചിരുന്നു. മരണത്തിന്റെ മടിത്തട്ടെന്ന് തന്നെ ഉറിവാലിയെ വിളിക്കാം.
ഒരു പ്രകോപനവുമില്ലാതെ അതിര്‍ത്തിയില്‍ നിറയൊഴിക്കുന്ന പാകിസ്താന്‍ പട്ടാളക്കാരും കൂലി പടയാളികളും. കശ്മീരില്‍ അക്രമം അഴിച്ചുവിടാന്‍ മഞ്ഞുവീഴ്ചയുടെ മറപ്പറ്റി എത്തുന്ന നുഴഞ്ഞു കയറ്റക്കാര്‍. വിഘടനവാദികളുടെ പ്രക്ഷോഭങ്ങള്‍ക്കിടയിലെ കല്ലേറുകള്‍. പ്രകൃതിയുടെ താണ്ഡവം മാത്രമല്ല ഭീകരവാദികള്‍ വിതയ്ക്കുന്ന ഒളിയാക്രമണങ്ങളുടെയും നിലയ്ക്കാത്ത ഭൂമികയാണ് ഉറിവാലി. ഇന്ത്യന്‍ സൈനികര്‍ കനത്ത വെല്ലുവിളി നേരിടുന്ന അതിര്‍ത്തിയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് ഉറിവാലി. കശ്മീരില്‍ നിന്നും 100 കിലോ മീറ്റര്‍ സഞ്ചരിക്കണം ഉറിയില്‍ എത്താന്‍. നിരന്തര ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും വെടിയൊച്ചകളും നിലയ്ക്കാത്ത ബാരാമുള്ളയിലൂടെ വേണം ഉറിവാലിയിലേക്ക് യാത്ര ചെയ്യാന്‍. പ്രകൃതിയൊരുക്കിയ പച്ചപ്പിനിടയില്‍ നിന്നും ഏതുനിമിഷവും സംഭവിക്കാവുന്ന ഒരാക്രമണം പ്രതീക്ഷിച്ചു തന്നെ വേണം യാത്ര ചെയ്യാന്‍. പഴയ ശ്രീനഗര്‍ നഗരം പിന്നിട്ടാല്‍ പിന്നെ ഉറിയിലേക്കുള്ള പാതയാണ്. വഴിയരുകില്‍ തോക്കേന്തിയ സൈനികര്‍ പാതയുടെ ഇരുപുറത്തും കാവലുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ രാവെന്നും പകലെന്നുമില്ലാതെ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നു. ഇടയ്ക്കിടെ പട്ടാള ബാരക്കുകള്‍, ചെറിയ ഗ്രാമങ്ങള്‍. ബാരമുള്ളയും പാഞ്ചാല്‍ ബ്രിഡ്ജും പിന്നിട്ട് ഝലം നദിയുടെ കൈവഴികള്‍ക്ക് അരികിലൂടെ വേണം ഉറിയിലേക്കുള്ള യാത്ര. സമാമി ഗ്രാമം പിന്നിട്ടാല്‍ പിന്നെ പാതയ്ക്ക് കാഠിന്യമേറും. വീതികുറഞ്ഞ വളവുതിരിവുകള്‍ നിറഞ്ഞ പാത. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാം. ഒരു ഭാഗത്ത് പാറക്കൂട്ടങ്ങളില്‍ അലതല്ലിയൊഴുകുന്ന ഉറിവാലി നദി. മറുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും. ഹിമപാതം പെയ്തിറങ്ങി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയ ഇരുമ്പില്‍ തീര്‍ത്ത പാലങ്ങള്‍ അസ്ഥിപഞ്ജരങ്ങള്‍ നദിക്ക് കുറുകെ പലയിടത്തും കാണാം. നെഞ്ചിടിപ്പേറ്റുന്ന യാത്രക്കിടെ ആശ്വാസമായി ഇടയ്ക്കിടെ പട്ടാള ചെക്‌പോയിന്റുകളും ബാരക്കുകളും കാണാം. മുന്നോട്ടു പോകുന്തോറും പാതയുടെ വീതി കുറഞ്ഞുവരികയാണ്. തകര്‍ന്നു കിടക്കുന്ന ഇടുങ്ങിയതും കൊടുംവളവുകള്‍ നിറഞ്ഞ ദുര്‍ഘടമായ മലപാത.
സൈനീക വാഹനങ്ങള്‍ ഇടയ്ക്കിടെ കടന്നു പോകുന്നതൊഴിച്ചാല്‍ എവിടെയും മരണത്തിന്റെ നിശബ്്ദത. ആ നിശബ്ദതയില്‍ നിന്നും എത്തുന്നത് ഉറി പട്ടണത്തിലേ ആരവങ്ങളിലേക്ക്. ഇടുങ്ങിയ വഴികള്‍ക്ക് ഇരുപുറവും വ്യാപാരസ്ഥാപനങ്ങള്‍. വഴിയോര കച്ചവടക്കാരും പഴം വില്‍പ്പനക്കാരും സജീവം. ഉറി ടൗണ്‍ അവസാനിക്കുന്നിടത്താണ് ഞായറാഴ്ച പുലര്‍ച്ചെ ആക്രമണം നടന്ന 12 റെജിമെന്റ്. ആ യാത്രയില്‍ പരിചയപ്പെട്ട ഒരു പട്ടാള ഓഫിസറുണ്ട് മലയാളിയായ തൃശൂര്‍ അത്താണി സ്വദേശി പുരുഷോത്തമന്‍. മദ്രാസ് റെജിമെന്റിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. 15 വര്‍ഷമായി പുരുഷോത്തമന്‍ ഉറിയില്‍ സേവനം തുടങ്ങിയിട്ട്. സൈനിക ജോലിയെയും ഉറിയെയും ഏറെ സ്‌നേഹിക്കുന്ന മനുഷ്യന്‍. ഉറിയില്‍ ഭീകരാക്രമണ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തിയത് കൊമ്പന്‍മീശ പിരിച്ച് ഗൗരവത്തിലും പിന്നെ സൗഹൃദത്തിലും വരവേറ്റ പുരുഷോത്തമനായിരുന്നു. ഞങ്ങള്‍ക്ക് ആഥിത്യമേകിയ റെജിമെന്റിലെ മേജറും സൈനിക ഓഫിസര്‍മാരും. ഉറി റെജിമെന്റിനുള്ളിലൂടെ പട്ടാള ബാരക്കുകളും സൈനിക സന്നാഹങ്ങളും തൊട്ടറിഞ്ഞായിരുന്നു ആ യാത്ര. വിഭവസമൃധമായ വെജിറ്റേറിയന്‍ ഭക്ഷണം ഒരുക്കി തന്നവര്‍. രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്ന് കണ്ട് സൈനീകരെല്ലാം ഉറിയില്‍ തന്നെയുണ്ടോ. തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി അടുത്ത അതിര്‍ത്തി പ്രദേശം കാക്കാന്‍ ഉറിവാലിയില്‍ നിന്നു മടങ്ങിയോ. അറിയില്ല, അവരെല്ലാം ഇന്നെവിടെയെന്ന്.
ഉറിയില്‍ നിന്നും തൊട്ടകലെ ഇന്ത്യയുടെ അവസാന പോസ്റ്റായ കമാന്‍ അമന്‍ സേതുവും നിരന്തര പ്രശ്‌നബാധിത പ്രദേശമാണ്. ഉറിയിലെ കമാന്‍ പോസ്റ്റില്‍ അന്ന് വരവേറ്റത് മേജര്‍ ആകാശ്‌സിങ് ആയിരുന്നു. 23 വയസു മാത്രം പ്രായമുള്ള വെളുത്തു സുമുഖനായ ചെറുപ്പക്കാരന്‍. ഒപ്പം ബാരക്കുകളിലും ബങ്കറിലും കണ്ണിമചിമ്മാതെ നിറതോക്കുകളുമായി രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരും. കമാന്‍ പോസ്റ്റിനെയും ഉറിയെയും കുറിച്ച് മേജര്‍ ആകാശ്‌സിങ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നിരുന്നു. ഝലത്തിന്റെ കൈവഴിയായ ഉറിവാലി നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്ന പാലമാണ് അതിര്‍ത്തി. കമാന്‍ അമന്‍ സേതു. വെള്ള ഛായം പൂശിയ പാലം. അതിനപ്പുറം പാകിസ്താന്‍ പട്ടാളത്തിന്റെ പോസ്റ്റും ബങ്കറുകളും. മുന്നിലെ മലമുകളില്‍ പാക് ബങ്കറുകളുടെ നിര തന്നെയുണ്ട്. ഇന്ത്യന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ നിരത്തിവച്ച നിരവധി നിരീക്ഷണ കാമറകളും. അന്ന് കമാന്‍ അമന്‍ സേതുവില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ പോസ്റ്റില്‍ വെള്ള പതാക ഉയര്‍ന്നിരുന്നു. പക്ഷെ, പാകിസ്താന്‍ പട്ടാളത്തിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കണ്ടില്ല. ഉറിവാലിയില്‍ പാക് പട്ടാളത്തിന് ഒരു നിയന്ത്രണവുമില്ല. കാളകളെ പോലെ അഴിച്ചുവിട്ടിരിക്കുകയാണ്. അവര്‍ക്ക് കൂട്ടായി ഭീകരവാദികളും.
[caption id="attachment_111240" align="alignnone" width="600"] ഇന്ത്യയുടെ അവസാന പോസ്റ്റായ കമാന്‍ അമാന്‍ സേതു പാലത്തിനു സമീപം കാവല്‍ നില്‍ക്കുന്ന സൈനികര്‍ [/caption]
ഏതു നിമിഷവും വെടിപൊട്ടാവുന്ന ഭൂമിക. മുസാഫറാബാദിലേക്ക് 20 കിലോമീറ്ററും ഇസ്‌ലാമാബാദിലേക്ക് 200 കിലോമീറ്ററും ദൂരമുണ്ട് കമാന്‍ അമന്‍ സേതുവില്‍ നിന്ന്. കമാന്‍ അമന്‍ സേതു പാലത്തിന് തൊട്ടടുത്ത ബങ്കറില്‍ അത്യാധുനിക തോക്കേന്തി നിന്നിരുന്ന ഇന്ത്യന്‍ സൈനികനെ പരിചയപ്പെട്ടിരുന്നു. ചിരിക്കുന്ന മുഖത്തോടെ ഹസ്തദാനം നല്‍കിയ ചന്ദര്‍സിങ്. ഉത്തരാഖണ്ഡ് സ്വദേശി. പാകിസ്താന്‍ പട്ടാളത്തോടും കലാപകാരികളോടും പോരാടാനുറച്ച് മുഖാമുഖം നില്‍ക്കുകയായിരുന്നു ചന്ദര്‍സിങ്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന അവസാനത്തെ സൈനികന്‍. ആദ്യം പോരാടുന്ന ചന്ദര്‍സിങ്. അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയായിരുന്നു മടക്കം. പ്രത്യഭിവാദം ചെയ്ത് മരണത്തെ മുഖാമുഖം കണ്ടു ചന്ദര്‍സിങ് തന്റെ തോക്കിന്റെ കാഞ്ചിയില്‍ വിരലുറപ്പിച്ച് നില്‍ക്കുന്ന കരുത്തിലായിരുന്നു ആ അതിര്‍ത്തി യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."