സഊദി സുരക്ഷാസേന ഭീകരാക്രമണം തകര്‍ത്തു; സ്ത്രീയടക്കം 17 പേര്‍ പിടിയില്‍
റിയാദ്: ആക്രമണം ലക്ഷ്യംവച്ച് ഭീകരര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചതായും വിവിധ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന തീവ്രവാദികളെന്ന് സംശയിക്കുന്ന 17 പേര്‍ പിടിയിലായതായും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സഊദി ആഭ്യന്തര മന്ത്രാലയം വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിടിയിലായവരില്‍ ഒരു വനിതയടക്കം 14 പേര്‍ സ്വദേശികളാണെന്നും മറ്റുള്ളവര്‍ യമന്‍, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിവിധ സമയങ്ങളിലായാണ് ഇവരെ അറസ്റ്റു ചെയ്തത്. ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിയിരുന്ന തോക്ക്, വെടിക്കോപ്പുകള്‍, ചാവേര്‍ ആക്രമണത്തിന് അരയില്‍ കെട്ടാന്‍ ഉപയോഗിക്കുന്ന ആത്മഹത്യാ ബെല്‍റ്റുകള്‍, ബോംബ് നിര്‍മ്മാണ ഉപകരണങ്ങള്‍, തുടങ്ങിയവ ഇവരില്‍ നിന്നും പിടി കൂടിയതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് സ്‌ഫോടനം ലക്ഷ്യംവച്ച സ്ഥലങ്ങള്‍ , ലക്ഷ്യംവച്ച അധികാരികള്‍, സുരക്ഷാ പോയന്റുകള്‍ എന്നിവയുടെ ലിസ്റ്റുകളും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഐ.എസുമായി ഇവര്‍ ബന്ധപ്പട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവര്‍ ചാവേര്‍ ബെല്‍റ്റ് ബോംബുകള്‍ നിര്‍മ്മിക്കുന്നവയില്‍ വ്യാപൃതരായിരുന്നു. തീവ്രവാദ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായും അല്‍ തുര്‍ക്കി വ്യക്തമായാക്കി. നേരത്തെയും വിവിധ സ്ഥലങ്ങളില്‍ നിന്നും തീവ്രവാദികളെ പിടികൂടുകയും ചാവേര്‍ ആക്രമണങ്ങള്‍ വിഫലമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."