വില്ലേജ് ഓഫിസറുടെ ആത്മഹത്യക്കു കാരണം ഇടതു സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മ: സാദിഖലി തങ്ങള്‍
കൊല്ലം: ആത്മഹത്യ ചെയ്ത കാസര്‍കോഡ് കടമ്പാല്‍ വില്ലേജ് ഓഫിസര്‍ പോള്‍ തോമസിന്റെ (ജോയി-54)കൊല്ലം കിളികൊല്ലൂരിലെ കുടുംബ വീടായ ലില്ലി കോട്ടേജില്‍ ആശ്വാസ വചനങ്ങളുമായി സാദിഖലി തങ്ങളെത്തി.
ഇന്നലെ ഉച്ചയോടെയാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ്കുഞ്ഞ്, ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍ എന്നിവര്‍ക്കൊപ്പം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ലീഗ് ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പോള്‍ തോമസിന്റെ വീട്ടിലെത്തിയത്. പോള്‍ തോമസിന്റെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ആശ്വസിപ്പിച്ച തങ്ങള്‍ മുസ്ലിം ലീഗിന്റെ അനുശോചനം അറിയിച്ചു.
മാനദണ്ഡമില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ഇടതു സര്‍ക്കാരിന്റെ മനുഷ്യത്വല്ലായ്മയാണ് പോള്‍ തോമസിന്റെ ആത്മഹത്യയിലൂടെ വെളിപ്പെട്ടതെന്ന് തങ്ങള്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതില്‍ പോലും കൊടിയുടെ നിറം നോക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. പോള്‍ തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ തലത്തില്‍ അര്‍ഹമായ സഹായം എത്രയും വേഗം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണം. പോള്‍ തോമസിന്റെ കുടുബത്തിനെ സഹായിക്കാനും കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനും മുസ്ലിം ലീഗ് കഴിയുന്നതെല്ലാം ചെയ്യുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.സുല്‍ഫിക്കര്‍ സലാം, ജനറല്‍ സെക്രട്ടറി മുള്ളുകാട്ടില്‍ സാദിഖ്, എ.കെ.എം ഹുസൈന്, മുസ്ലിം ലീഗ് മേഖല ഭാരവാഹികളായ സലാം മല്യത്ത്, ഉവൈസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."