കാര്‍ഗില്‍ യുദ്ധസൈനികനോട് ക്രൂരത; പൊലിസ് മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റിട്ടും കേസെടുത്തില്ല
കൊട്ടാരക്കര: പൊലിസ് മര്‍ദനത്തില്‍ കാര്‍ഗില്‍ യുദ്ധസൈനികന് നട്ടെല്ലിനു ക്ഷതമേറ്റ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയില്ല. പരാതി നല്‍കിയിട്ടും ഉത്തരവാദികളായ ശാസ്താംകോട്ട പൊലിസിനെതിരേ കേസെടുക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണെന്നാണ് ആരോപണം. പുത്തൂര്‍ കരിമ്പിന്‍പുഴ രമ്യത്തില്‍ പി.വി രവീന്ദ്രനാ(56)ണ് മര്‍ദനമേറ്റത്. പതിനാറ് വര്‍ഷം മുന്‍പ് സൈന്യത്തില്‍ നിന്നും വിരമിച്ച രവീന്ദ്രന്‍ എക്‌സ് ആര്‍മി എന്ന പിക്കപ്പ് വാന്‍ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്.
കഴിഞ്ഞ എട്ടിന് രാവിലെ പതിനൊന്നോടെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ ശാസ്താംകോട്ട ഭരണിക്കാവിലെത്തിയ താന്‍, കടയുടെ മുന്‍പില്‍ പിക്കപ്പ് വാന്‍ ഒതുക്കിയിട്ട ശേഷം കടയില്‍ കയറി തിരികെയെത്തിയപ്പോള്‍ ഒരു പൊലിസുകാരന്‍ എത്തി വണ്ടി ആരുടേതാണെന്ന് ചോദിച്ച് ഉടുപ്പിന് കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് രവീന്ദ്രന്‍ പറഞ്ഞു.
വിരമിച്ച സൈനികനാണെന്നും ഉടുപ്പില്‍ നിന്നും കൈവിടാനും പറഞ്ഞതോടെ പിക്കപ്പ് വാനിലേക്ക് തള്ളിയിട്ട് ശാസ്താംകോട്ട പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് രവീന്ദ്രന്‍ പറയുന്നു.
വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞ് തകര്‍ക്കുകയും കുനിച്ച് നിര്‍ത്തി മുതുകിനും കവിളത്തും ഇടിക്കുകയും ചെയ്തു. സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലിസുകാരാണ് പിടിച്ചുമാറ്റിയത്.
താന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തയാളാണെന്നും അതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പലതവണ പറഞ്ഞെങ്കിലും അത് ചെവികൊള്ളാന്‍ പൊലിസ് തയാറായില്ല. ശാസ്താംകോട്ട പൊലിസ് സ്റ്റേഷനിലെ ശിവകുമാര്‍ എന്ന പൊലിസുകാരനാണ് തന്നെ മര്‍ദിച്ചതെന്ന് രവീന്ദ്രന്‍ പരാതിയില്‍ പറയുന്നു.
പിന്നീട് സ്റ്റേഷനിലെത്തിയ എ.എസ്.ഐ നൂറ് രൂപയ്ക്ക് പെറ്റിക്കേസ് ചാര്‍ജ് ചെയ്ത ശേഷം തന്നെ വിട്ടയക്കുകയായിരുന്നെന്ന് രവീന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നു വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ രവീന്ദ്രന്‍ വിരമിച്ച സൈനികരുടെ ചികിത്സാ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സ്‌കാനിങ് റിപ്പോര്‍ട്ടില്‍ നട്ടെല്ലിന് ക്ഷതമേറ്റിട്ടുള്ളതായി രവീന്ദ്രന്‍പറഞ്ഞു. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൊട്ടാരക്കര റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയിട്ടും ഒരന്വേഷണവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റിയ്ക്കും രവീന്ദ്രന്‍ പരാതി നല്‍കിയിരുന്നു. ചികിത്സാ രേഖകള്‍ സഹിതം മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും കോടതിയിലും പരാതി നല്‍കുമെന്നും രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."