പുതിയ തര്‍ക്കങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം 24ന്
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി യോഗം ഈ മാസം 24ന് ചേരും. കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പാലിക്കുന്ന മൗനം പുതിയ തര്‍ക്കങ്ങള്‍ക്കു വഴിതുറന്ന സാഹചര്യത്തിലാണ് യോഗം.
ബാബുവിനെതിരായ നടപടിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിട്ടുണ്ട്. ഇത് രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് അവര്‍ ആരോപിക്കുമ്പോള്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ സുധീരന്‍ തയാറായിട്ടില്ല. എം.എം ഹസ്സന്‍ ഉള്‍പെടെയുള്ള ചില നേതാക്കള്‍ സുധീരനെതിരേ പരസ്യപ്രസ്താവന നടത്തിയിട്ടുമുണ്ട്.
ഇതെല്ലാം യോഗത്തില്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ക്കിടയാക്കും. സുധീരന്റെ നിലപാടില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ഒരുപോലെ എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ ഇരുവിഭാഗങ്ങളും സുധീരനെതിരായ നിലപാടായിരിക്കും സ്വീകരിക്കുക. 21 അംഗ സമിതിയില്‍ സുധീരനെ അനുകൂലിക്കാന്‍ ആരുമുണ്ടാവാന്‍ ഇടയില്ലെന്നാണ് സൂചന.
ഈ മാസം 26ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സമിതി യോഗത്തില്‍ ചര്‍ച്ചയാകും. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതിനെ തുടര്‍ന്ന് സഭയില്‍ യു.ഡി.എഫിന് അംഗബലം കുറഞ്ഞ അവസ്ഥയില്‍ നടക്കുന്ന സമ്മേളനമെന്ന പ്രാധാന്യം ഇതിനുണ്ട്. സൗമ്യ വധക്കേസ്, സ്വാശ്രയ മെഡിക്കല്‍ പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ രൂപംകൊണ്ട ജനവികാരം പരമാവധി സഭയില്‍ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടിട്ടും മുന്നണിയുടെ ഊര്‍ജം കുറഞ്ഞിട്ടില്ലെന്നു കാണിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.
കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ കുറഞ്ഞത് സഭയില്‍ മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകടിപ്പിക്കുന്നത്.
സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെങ്കിലും പ്രധാന വിഷയങ്ങളിലെല്ലാം യു.ഡി.എഫിന് അനുകൂലമായ നിലപാടായിരിക്കും കേരള കോണ്‍ഗ്രസ് സ്വീകരിക്കുക എന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. കെ.എം മാണിയുടെ പാലക്കാട് പ്രസംഗം അതിന്റെ സൂചനയായാണ് അവര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."