ഓണക്കാലത്ത് മലയാളികള്‍ കുടിച്ചത് ഗുണനിലവാരമില്ലാത്ത മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് മലയാളികള്‍ കുടിച്ചു തീര്‍ത്തത് വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത മദ്യം. ഓണത്തിനു മുന്‍പുതന്നെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മാനേങിങ് ഡയറക്ടര്‍ വിലക്കുറഞ്ഞ മദ്യം മാത്രമേ വില്‍ക്കാവൂ എന്ന് സര്‍ക്കുലര്‍ അയച്ചിരുന്നു. മദ്യം ഓര്‍ഡര്‍ നല്‍കിയ മാനേജര്‍മാര്‍ വിലകൂടിയ മദ്യം ഒഴിവാക്കിയാണ് ഓര്‍ഡര്‍ നല്‍കിയത്.
വിലകുറഞ്ഞ മദ്യം ആവശ്യത്തിലധികം സംഭരിക്കുകയും ചെയ്തു. 400 രൂപയില്‍ താഴെയുള്ള മദ്യമാണ് വിറ്റഴിച്ചത്. ഔട്ട്‌ലെറ്റുകള്‍ക്ക് മാത്രമല്ല മദ്യക്കമ്പനികള്‍ക്കും എം.ഡി കത്തയച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് എം.ഡി മദ്യവിതരണ കമ്പനികള്‍ക്കു കത്തയച്ചത്. വിലകുറഞ്ഞ ഗുണമേന്മയില്ലാത്ത കെയ്‌സിനു 400 രൂപവരെ വിലവരുന്ന മദ്യം പരിധിയില്ലാതെ വിതരണം ചെയ്യണം. ഗുണമേന്മയില്ലാത്ത മദ്യത്തിന്റെ ലഭ്യത മുന്‍പ് ആകെ വിതരണം ചെയ്യുന്ന മദ്യത്തിന്റെ 22 ശതമാനം ആയിരുന്നെങ്കിലും ഇപ്പോഴത് 14 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
ഓണക്കാലമായതിനാല്‍ പരമാവധി ഗുണമേന്മയില്ലാത്ത മദ്യം വിതരണം ചെയ്യണം, വിതരണം ചെയ്യുന്ന ആകെ മദ്യത്തിന്റെ 15 ശതമാനമെങ്കിലും ഇത്തരത്തിലുള്ള മദ്യമായിരിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ കത്ത് കിട്ടിയ ഉടന്‍ വിലകുറഞ്ഞ മദ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരെ തിരിച്ചെടുത്ത് കേരളത്തിലെത്തിച്ചു. വിലകുറഞ്ഞ മദ്യം വിപണിലെത്തിയതോടെയാണ് ഓണദിവസത്തെ മദ്യവില്‍പ്പന റെക്കോര്‍ഡിലെത്തിയത്.
വില്‍പ്പന ഉയര്‍ത്തി, മുന്‍സര്‍ക്കാരിന്റെ മദ്യനയം തെറ്റാണെന്നു സ്ഥാപിച്ചു പുതിയ മദ്യനയത്തിന് നിലമൊരുക്കാനാണ് ഇത്തരമൊരു ഉത്തരവു പുറത്തിറക്കിയതെന്ന് ആക്ഷേപമുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ തിരുവോണം വരെയുള്ള എട്ടുദിവസം വിറ്റത് 409.5 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ വിറ്റത് 353.08 കോടിയുടെ മദ്യമായിരുന്നു.
15.99 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം മദ്യവില്‍പ്പനയിലുള്ളത്. ഉത്രാടത്തിന് 58.01 കോടിയുടെ മദ്യംവിറ്റു. കഴിഞ്ഞവര്‍ഷം ഇതു 52.89 കോടിയായിരുന്നു. തിരുവോണ ദിവസം 38.86 കോടിയുടെ മദ്യംവിറ്റു. കഴിഞ്ഞവര്‍ഷം ഇതു 38.18 കോടി ആയിരുന്നു. സെപ്റ്റംബര്‍ 14വരെ വിറ്റത് 571 കോടിയുടെ മദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."