ഓണാഘോഷങ്ങള്‍ക്ക് സമാപനമായി
കാക്കനാട്: കലയും സംസ്‌കാരവും ശാസ്ത്രവും സമ്മേളിപ്പിച്ച് മാവേലി മന്നന്റെ ആസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചു നടന്ന ഘോഷയാത്ര നഗരവീഥികളെ പുളകം കൊള്ളിച്ചു. മഹാബലിയും പുലികളിയും കഥകളി വേഷങ്ങളും തെയ്യവും കസവുപുടവയുടുത്ത മലയാളി മങ്കമാരും ചേര്‍ന്ന് ജില്ലാ ആസ്ഥാനംകൂടിയായ തൃക്കാക്കരയ്ക്ക് ഉത്സവച്ഛായ പകര്‍ന്നു.
കാക്കനാട്‌സിവില്‍ലൈന്‍ റോഡിന്റെ ഇരുവശത്തും തിങ്ങിനിറഞ്ഞ കാണികളുടെ മനസ്സില്‍ ചിന്തകളും വര്‍ണങ്ങളും വാരിവിതറിക്കൊണ്ടാണ് ഓരോ നിശ്ചലദൃശ്യങ്ങളും കടന്നുപോയത്. തട്ട്കാവടി, കൊട്ടക്കാവടി, ബൊമ്മ, പകല്‍ക്കാഴ്ച, അര്‍ജുന നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് വര്‍ണപ്പകിട്ട് നല്‍കി. നാസിക് ഡോലക്, പഞ്ചാരിമേളം, പഞ്ചവാദ്യം, പമ്പമേളം, ശിങ്കാരിമേളം, ബാന്‍ഡ് സെറ്റ്, തുടങ്ങിയവ ശബ്ദഘോഷം മുഴക്കി. ദേവഅസുരവേഷങ്ങള്‍, അര്‍ദ്ധനാരീശ്വര നൃത്തം എന്നിവയുമുണ്ടായിരുന്നു.
തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ നഗരസഭാതിര്‍ത്തിയായ ചെമ്പുമുക്കില്‍ നിന്നുമാണു അത്തച്ചമയം മാതൃകയില്‍ ഘോഷയാത്ര ആരംഭിച്ചത്. കാക്കനാട് ജങ്ഷനില്‍ സമാപിച്ചു. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സാംസ്‌കാരിക സമ്മേളനം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു അദ്ധ്യക്ഷതവഹിച്ചു. മുന്‍ എം.പി. രാജീവ്, വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിജോ ചിങ്ങംതറ, കെ.ടി. എല്‍ദോ, മേരി കുര്യന്‍, ഷബ്‌ന മെഹറലി, സീന റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സിനിമാതാരം ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച മെഗാഷോയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."