പശുക്കടവ് ദുരന്തം; ആശ്വാസധനം നല്‍കുന്നത് ക്യാബിനറ്റ് യോഗം തീരുമാനിക്കും
തൊട്ടില്‍പ്പാലം: പശുക്കടവ് ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസധനം നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന കാബിനറ്റ് യോഗം തീരുമാനിക്കും. അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരത്തിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. പൂഴിത്തോട് പവര്‍ ഹൗസില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എം.എല്‍.എ ഇ.കെ. വിജയന്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി റവന്യൂ, ഫയര്‍, പൊലിസ് ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.പി.മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്നിവരും എത്തിച്ചേര്‍ന്നു.
ജില്ലാ കലക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) ബി.അബ്ദുള്‍ നാസര്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍, ഫയര്‍ ഫോഴ്‌സ് അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, ഡി.എം.ഒ ഡോ. ആര്‍.എല്‍ സരിത, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. സുരേഷ്, ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ എം.ജി. സുരേഷ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ക്യാംപ് ചെയ്ത് തെരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."