പള്ളി സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
അരൂര്‍: തൊഴിലും തൊഴിലിടവും സംരക്ഷിക്കണമെന്ന് ആവശയപ്പെട്ട് അരൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പള്ളി സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. അരൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് നടത്തിയ ധര്‍ണ ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. അരൂര്‍ പള്ളി ഓട്ടോ സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗ്രാമപഞ്ചായത്ത് അംഗം സി.എ.ജോളി ഉദ്ഘാടനം ചെയ്തു. പ്രകടനമായി എത്തിയ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് കുത്തിയിരുന്നു. തൊഴിലും തൊഴിലിടവും സംരക്ഷിക്കുക, സ്റ്റാന്റിലെ ഓട്ടോകള്‍ രണ്ട് വരിയായി നിലനിര്‍ത്തുക, സ്റ്റാന്റിലെ അനധികൃത കടകളുടെ കൈയ്യറ്റം അവസാനിപ്പിക്കുക, യാത്രക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബി.എം.എസ്, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നീ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം സംഘടിപ്പിച്ചത്. ബി.എം.എസ് കണ്‍വീനര്‍ വി.ജി. സുജിത്ത്, ഐ.എന്‍.ടി.യു.സി കണ്‍വീനര്‍ പി.എസ്. രതീഷ്, സി.ഐ.ടി.യു. കണ്‍വീനര്‍ കെ.ജി. ജോണ്സണ് എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മക്ക് പരാതി നല്കി. തൊഴിലും തൊഴിലിടവും സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."