കരിപ്പൂരില്‍ നിരീക്ഷണ സംവിധാനം
മലപ്പുറം: സിങ്കപ്പുരില്‍ സിക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിങ്കപ്പൂരില്‍ നിന്നോ രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റുരാജ്യങ്ങളില്‍ നിന്നോ വരുന്നവരെ നിരീക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തി.
പ്രസ്തുത രാജ്യങ്ങളില്‍ നിന്നു തിരിച്ചുവന്നവര്‍ മൂന്നാഴ്ചക്കാലത്തിനുള്ളില്‍ പനി, തൊലിയില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ചെങ്കണ്ണ്, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതാണ്. രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനവും നിലവിലുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 0471- 2552506 എന്ന നമ്പറില്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്കു വിവരം നല്‍കാന്‍ സാധിക്കും.
സിക രോഗബാധയുണ്ടാകുന്നത് ഈഡിസ് കൊതുകകളുടെ കടിയിലൂടെയാണ്. ആയതിനാല്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. കൊതുകുകള്‍ പെറ്റുപെരുകുന്ന ഉറവിടങ്ങള്‍ നശിപ്പിക്കുക, പരിസര ശുചിത്വം പാലിക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കേണ്ടതാണ്.
രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.
മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍ , ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ്, ഡി.എസ്.ഒ ഡോ ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."