ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍; രോഗികള്‍ ദുരിതത്തിലും
നിലമ്പൂര്‍: ഡോക്ടര്‍മാരുടെ സമരം പേവാര്‍ഡുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ രോഗികള്‍ ഇരട്ടി ദുരിതം പേറുന്നു. മുന്‍പ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയവയൊന്നും ശമ്പളകാര്യത്തില്‍ പത്താം ശമ്പളക്കമ്മീഷന്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് മാസങ്ങള്‍ക്ക് മുന്‍പ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം ആരംഭിച്ചത്.
എട്ടാം തിയതി മുതല്‍ പേവാര്‍ഡ് ബഹിഷ്‌കരണം കൂടി ആരംഭിച്ചതോടെ രോഗികള്‍ക്ക് ദുരിതം ഇരട്ടിയായി മാറി. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള സമരപരിപാടികള്‍ ഉണ്ടാവില്ലെന്നായിരുന്നു സമരം ആരംഭിച്ചപ്പോള്‍ സംഘടന പറഞ്ഞിരുന്നുവെങ്കിലും പേവാര്‍ഡുകള്‍ ബഹിഷ്‌കരിക്കാന്‍ കെ.ജി.എം.ഒ.എ ആഹ്വാനം ചെയ്യുകയായിരുന്നു.
കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്കെല്ലാം വാര്‍ഡുകളെ ആശ്രയിക്കേണ്ടി വരികയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ പോലും പകര്‍ച്ചവ്യാധി പിടിപെട്ടവരുടെ ഇടയിലാണ് കഴിയുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്ക്-ജില്ലാ-ജനറല്‍ ആശുപത്രികളിലും, മെഡിക്കല്‍ കോളജുകളിലും പേ വാര്‍ഡ് നിലവിലുണ്ട്. സാധാരണക്കാര്‍ വരെ വാര്‍ഡുകളിലെ തിരക്ക് കാരണം പേവാര്‍ഡിനെ ആശ്രയിക്കുന്നുണ്ട്. കാന്‍സര്‍, കിഡ്‌നി രോഗികള്‍, പകര്‍ച്ചവ്യാധി പിടിപെട്ടവര്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം പേ വാര്‍ഡ് ഏറെ സഹായകമാണ്. പേവാര്‍ഡ് അടച്ചിട്ടതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിന് ഉണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."