ആദിവാസി വിദ്യാര്‍ഥികള്‍ മദ്യം കഴിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളായ ആദിവാസി കുട്ടികള്‍ മദ്യം കഴിച്ച് അബോധാവസ്ഥയിലായ സംഭവത്തില്‍ മദ്യ വില്‍പ്പനക്കാരനായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. നല്ലംതണ്ണി കൊയപ്പാന്‍ വളവിലെ വാത്തച്ചിറ ജോഷി(30)യെയാണു നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണു നല്ലംതണ്ണി വളവിലെ കോളനിയിലെ മൂന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അമിതമായി ലഹരി കഴിച്ച് അബോധാവസ്ഥയിലായത്.
കുട്ടികള്‍ കളി കഴിഞ്ഞു മടങ്ങുന്നതിനിടെ കുറ്റിക്കാട്ടില്‍ കണ്ട കുപ്പിയിലെ മദ്യം ഇവര്‍ കഴിക്കുകയായിരുന്നു. നല്ലംതണ്ണി വളവിനു സമീപം ഒരു കോളനിയിലാണു സംഭവം. ബീവറേജസ് ചില്ലറ വില്‍പന കേന്ദ്രത്തില്‍ നിന്നു വിദേശമദ്യം വാങ്ങി വില്‍പന നടത്തുന്ന ആളാണു ജോഷി. ഉദ്യോഗസ്ഥരുടെ പിടിയില്‍ പെടാതിരിക്കാന്‍ രഹസ്യ കേന്ദ്രങ്ങളില്‍ മദ്യക്കുപ്പി ഒളിപ്പിച്ചു വച്ചിരുന്നു. ഇതാണു കുട്ടികള്‍ എടുത്തു കഴിച്ചതെന്നു പൊലിസ് പറഞ്ഞു. ഇടപാടുകാരില്‍ നിന്നു പണം വാങ്ങി ഒളിപ്പിച്ചു വച്ച സ്ഥലം പറഞ്ഞു കൊടുക്കും. അവര്‍ അവിടെ ചെന്നെടുക്കുകയാണ് പതിവ്.
കഴിഞ്ഞ ദിവസം വൈകുന്നേരം കളികഴിഞ്ഞ് മടങ്ങവെ എട്ടാം ക്ലാസുകാരായ മൂന്നുപേര്‍ ഉള്‍പ്പടെ അഞ്ചു കുട്ടികള്‍ വഴിയരികില്‍ കാട്ടില്‍ ഒരു ലിറ്ററിന്റെ മദ്യ കുപ്പി കണ്ടു. കൗതുകത്തിനു കുടിക്കുകയും ചെയ്തു. വിസമ്മതിച്ച ഒരു കുട്ടിയെ കൂട്ടുകാര്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. കോളനിയിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും ലഹരിപിടിച്ചിരുന്നു. വൈകാതെ മയക്കത്തിലായി. രാവിലെ സംഭവം പുറത്തറിഞ്ഞതോടെ ഒതുക്കി തീര്‍ക്കാന്‍ മാഫിയ ശ്രമിച്ചിരുന്നുവെങ്കിലും മഹിള സമഖ്യ പ്രവര്‍ത്തകരും പൊലിസും എത്തിയതോടെ നീക്കം പാളുകയായിരുന്നു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. എ.എസ്.ഐ ശശിധരന്‍, സി.പി.ഒ അരുണ്‍, ഡ്രൈവര്‍ ഗോപാലന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."